ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി മദീനയില്‍ 18 ആശുപത്രികള്‍ സജ്ജം

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജ് സീസണില്‍ തീര്‍ഥാടകര്‍ക്ക് സേവനം നല്‍കുന്നതിനായി 18 ആശുപത്രികളും മെഡിക്കല്‍ സെന്‍ററുകളും ഒരുക്കിയിട്ടുണ്ടെന്ന് മദീന ഹെല്‍ത്ത് ക്ലസ്റ്റര്‍ അറിയിച്ചു. നൂതന മെഡിക്കല്‍ ഉപകരണങ്ങള്‍, ലബോറട്ടറികള്‍, രക്തബാങ്കുകള്‍, ആവശ്യമായ ഹജ്ജ് വാക്സിനേഷനുകള്‍, എമര്‍ജന്‍സി കെയര്‍ സൗകര്യങ്ങള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്ന ഈ ആശുപത്രികളിലും മെഡിക്കല്‍ സെന്‍ററുകളിലുമായി 20,000 ലധികം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്ന് മദീന ഹെല്‍ത്ത് ക്ലസ്റ്റര്‍ അറിയിച്ചു. അതേസമയം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ ഹജ്ജ് പരസ്യങ്ങള്‍ക്കെതിരെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കി സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പബ്ലിക് സെക്യൂരിറ്റി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹജ്ജുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങള്‍ നല്‍കുമെന്ന തെറ്റായ അവകാശവാദമാണ് ഈ പരസ്യങ്ങളില്‍ നല്‍കുന്നത്.

ഇത്തരം തട്ടിപ്പുകാര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്ന് ഡയറക്ടറേറ്റ് അറിയിച്ചു. ഔദ്യോഗിക ഹജ്ജ് മാര്‍ഗനിര്‍ദ്ദേശങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് അധികൃതര്‍ പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു. മക്ക, റിയാദ്, കിഴക്കന്‍ മേഖല എന്നിവിടങ്ങളില്‍ (911) അല്ലെങ്കില്‍ രാജ്യത്തുടനീളമുള്ള മറ്റെല്ലാ പ്രദേശങ്ങളിലും (999) ബന്ധപ്പെട്ടുകൊണ്ട് സംശയാസ്പദമായ പ്രവര്‍ത്തനങ്ങളോ നിയമ ലംഘനങ്ങളോ റിപ്പോര്‍ട്ട് ചെയ്യാമെന്നും അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങളില്‍ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഹജ്ജ് പരസ്യങ്ങള്‍ പ്രചരിപ്പിച്ചതിന് രണ്ട് ഈജിപ്ഷ്യന്‍ പൗരന്മാരെ മക്ക പോലീസ് അറസ്റ്റ് ചെയ്തിരുന്നു.'എക്സ്'ഔദ്യോഗിക അക്കൗണ്ടിലൂടെ പൊതുസുരക്ഷ വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. മക്ക, മദീന എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ക്ക് പാര്‍പ്പിടം നല്‍കുന്നതുള്‍പ്പെടെയുള്ള വ്യാജ പരസ്യങ്ങള്‍ ഇവര്‍ നല്‍കിയിരുന്നു. അറസ്റ്റിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുകയും ചെയ്തതായും പൊതുസുരക്ഷ വകുപ്പ് പറഞ്ഞു.