പത്മജയുടെ തന്തയല്ല എന്‍റെ തന്ത; എന്നെകൊണ്ടൊന്നും പറയിപ്പിക്കേണ്ട-ഉണ്ണിത്താന്‍

കാസര്‍കോട് : പ്രകോപനപരമായ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവും കാസര്‍കോട് എംപിയുമായ രാജ്മോഹന്‍ ഉണ്ണിത്താന്‍.

അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന കെ. കരുണാകരന്‍റെ മകള്‍ പത്മജ വേണുഗോപാലിനെ വെല്ലുവിളിച്ചാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ രംഗത്തുവന്നത്. താന്‍ ജയിച്ചാല്‍ ബിജെപിയിലേക്ക് പോകുമെന്ന പത്മജയ്ക്കുള്ള മറുപടിയിലാണ് ഉണ്ണിത്താന്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.

പത്മജ പരസ്യ സംവാദത്തിന് തയ്യാറാകണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. ബിജെപിയില്‍ പോകുമെന്ന പത്മജയുടെ വാക്കുകളെ രാജ്മോഹന്‍ ഉണ്ണിത്താന്‍ തളളി. എന്‍റെ അച്ഛന്‍ കെ കരുണാകരന്‍ അല്ല. എനിക്ക് നല്ല പിതാവുണ്ട്. ആ പിതാവിനാണ് ഞാന്‍ ജനിച്ചത്. അതുകൊണ്ട് മരിക്കും വരെ ഞാന്‍ കോണ്‍ഗ്രസുകാരനായിരിക്കും. ഇത്രയും വര്‍ഷം പാര്‍ട്ടി എനിക്ക് ഒന്നും തന്നില്ല. എന്നിട്ടും ഞാന്‍ എവിടെയും പോയില്ല. ഒടുവില്‍ എനിക്ക് മത്സരിക്കാന്‍ ടിക്കറ്റ് തന്നു. ഞാന്‍ ജയിച്ച് എംപിയുമായി. അതുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ ഞാന്‍ പൂര്‍ണ്ണ സംതൃപ്തനാണ്. ഇനി എനിക്ക് ഈ പാര്‍ട്ടിയില്‍ നിന്ന് ഒന്നും കിട്ടണമെന്നില്ല. ഉണ്ണിത്താന്‍ പറഞ്ഞു. ഒരു പിതാവില്‍ നിന്നും കിട്ടേണ്ട ആനുകൂല്യങ്ങളെല്ലാം കൈപ്പറ്റിയതാണ് പത്മജ. അതുകൊണ്ട് ഇഡിയോട് പത്മജയെ ഒന്ന് സെര്‍ച്ച് ചെയ്യാന്‍ പറയണമെന്നും ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. പത്മജ എന്നെ കൊണ്ട് കൂടുതല്‍ പറയിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. രാജ്മോഹന്‍ ഉണ്ണിത്താന്‍ തുറന്ന് പറയാന്‍ തുടങ്ങിയാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ല. ഇവര്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ കോളേജില്‍ വിഷം അടിച്ച് കിടക്കുമ്പോള്‍ ഞാനും മുല്ലപ്പള്ളി രാമചന്ദ്രനുമൊക്കെ അവിടെ പോയതാണ്. അതുകൊണ്ട് അധികം പറയിപ്പിക്കേണ്ട. ആ ചരിത്രമൊക്കം എനിക്ക് നന്നായിട്ട് അറിയാം. അതുകൊണ്ട് വെറുതെ വടികൊടുത്ത് അടിവാങ്ങിതിരിക്കുന്നതാണ് നല്ലത്. 1973 മുതലുള്ള ചരിത്രം താന്‍ വിളിച്ചു പറയും. ആ ചരിത്രമൊക്കെ നന്നായിട്ട് അറിയുന്ന ആളാണ് ഞ ാനെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. കോണ്‍ഗ്രസില്‍ അസ്വസ്ഥതയും അസംതൃപ്തിയുമുള്ളവരാണ് ബിജെപിയിലേക്ക് പോകുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും ഇനിയൊന്നും കിട്ടാന്‍ ബാക്കിയില്ല എന്ന് കരുതുന്നവരാണ് ബിജെ പിയിലേക്ക് പോകുന്നത്. അങ്ങനെയുള്ള ചിന്തയൊ ന്നും എനിക്കില്ല. തന്‍റെ പട്ടിപോലും ബിജെപിയിലേക്ക് പോകില്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍ പറഞ്ഞുകഴിഞ്ഞു. പിന്നെന്തിനാണ് അനാവശ്യവിവാദങ്ങളെന്ന് ഉണ്ണിത്താന്‍ ചോദിച്ചു.

സിപിഎം കളളവോട്ട് ചെയ്തുവെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. പയ്യന്നൂരിലും, കല്ല്യാശേരിയിലും വ്യാപകമായി സിപിഎം കള്ള വോട്ട് ചെയ്തു. ബൂത്ത് പിടിച്ചെടുത്തു. എത്ര കള്ള വോട്ട് നടന്നാലും ഒരു ലക്ഷം വോട്ടിന് വിജയിക്കും. മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങളില്‍ സിപിഎം, ബിജെപി വോട്ടുകള്‍ കുറയും. പല ബൂത്തിലും ഇരിക്കാന്‍ സിപിഎം ഏജന്‍റുമാര്‍ ഉണ്ടായിരുന്നില്ല. ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് വരും. ജില്ലാ പോലീസ് മേധാവി രാഷ്ട്രീയം കളിച്ചുവെന്നും ഉടന്‍ എസ് പിയെ മാറ്റാന്‍ തയ്യാറാകണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.