ആഡംബര ബഹിരാകാശ ടൂറിസം കമ്പനിയായ സ്പേസ് വിഐപി തികച്ചും അവിസ്മരണീയയവും അപൂര്‍വവുമായ ഒരു അനുഭവം നല്‍കാന്‍ ഒരുങ്ങുന്നു. അതേ, ബഹിരാകാശത്തിരുന്നു ഭക്ഷണം കഴിക്കാനുള്ള അവസരമാണ് കമ്പനി ഒരുക്കുന്നത്. 2025 -ല്‍ ഇത് സാധ്യമാകും എന്നാണ് സ്പേസ് വിഐപി പറയുന്നത്. 2025 -ല്‍ ഭൂമിയില്‍ നിന്ന് പറന്നുയരുമെന്ന് പ്രതീക്ഷിക്കുന്ന സ്പേസ് പെഴ്സ്പെക്റ്റീവിന്‍റെ നെപ്ട്യൂണ്‍ ക്യാപ്സ്യൂളില്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ നിന്ന് 30 കിലോമീറ്റര്‍ മുകളില്‍ സഞ്ചരിച്ചുകൊണ്ട് ഭക്ഷണം കഴിക്കാനുള്ള അവസരമാണ് കമ്പനി ഒരുക്കുന്നത്. ഈ ബഹിരാകാശ വിരുന്നിന് താല്‍പ്പര്യമുള്ളവര്‍ ചെലവഴിക്കേണ്ടത് 4 കോടി രൂപയാണ്. 2023 -ലെ ലോകത്തിലെ ഏറ്റവും മികച്ച 50 റെസ്റ്റോറന്‍റുകളുടെ ഗൈഡില്‍ അഞ്ചാം സ്ഥാനത്തെത്തിയ ഡാനിഷ് റെസ്റ്റോറന്‍റ് ആല്‍ക്കെമിസ്റ്റിലെ ഷെഫായ റാസ്മസ് മങ്ക് വിരുന്നിനുള്ള വിഭവങ്ങള്‍ തയാറാക്കും. ഈ യാത്രയില്‍ ആറ് യാത്രക്കാര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ കഴിയൂ.
ലോകത്തിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ സ്പേസ് ക്യാപ്സ്യൂള്‍ ആയിരിക്കും ഇത്. ഈ ചരിത്ര യാത്രയുടെ ആവേശം പങ്കുവെച്ച റാസ്മസ് മങ്ക്, യാത്ര പോലെ തന്നെ തന്‍റെ വിഭവങ്ങള്‍ പുതുമയുള്ളതായിരിക്കുമെന്ന് അഭിപ്രായപ്പെട്ടു. മറ്റ് ബഹിരാകാശ യാത്രികര്‍ക്കൊപ്പം അദ്ദേഹവും യാത്രയില്‍ പങ്കുചേരും. കൂടുതല്‍ യാത്രകള്‍ സംഘടിപ്പിക്കാനും പിന്നീട് കൂടുതല്‍ ആളുകള്‍ക്ക് അനുഭവം ആസ്വദിക്കാനും അവസരം നല്‍കാനാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
സ്പേസ് പെഴ്സ്പെക്റ്റീവ് കമ്പനിയില്‍ നിന്ന് അടുത്തിടെ മൂന്ന് നെപ്ട്യൂണ്‍ കാപ്സ്യൂളുകള്‍ സ്വന്തമാക്കിയ സ്പേസ് വിഐപി കമ്പനിയാണ് ഈ യാത്ര സംഘടിപ്പിക്കുന്നത്. ഭക്ഷണത്തിനുപുറമെ, വൈഫൈ, പ്രത്യേക വിശ്രമമുറികള്‍ തുടങ്ങിയ മറ്റ് ആഡംബര സൗകര്യങ്ങളും യാത്രക്കാര്‍ക്ക് ഇതില്‍ ആസ്വദിക്കാനാകും. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു ഫ്രഞ്ച് ഫാഷന്‍ ഹൗസ് ഓരോ യാത്രക്കാര്‍ക്കും വേണ്ടിയുള്ള പ്രത്യേക വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യും. യാത്രയില്‍ നിന്ന് ലഭിക്കുന്ന ലാഭം സ്പേസ് പ്രൈസ് ഫൗണ്ടേഷന് നല്‍കും.