ധനുഷ് രാഷ്ട്രീയത്തിലേക്ക്

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ സി. ജോസഫ് വിജയ്ക്ക് പിന്നാലെ ദേശീയ പുരസ്കാര ജേതാവായ നടന്‍ ധനുഷും തമിഴ്നാട് സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. താരത്തിന്‍റെ ആരാധക സംഘടനയുടെ പേര് മാറ്റി വിപുലീകരിച്ചതും ചെന്നൈയില്‍ സംഘടിപ്പിച്ച വന്‍ വനിതാ വിഭാഗം സമ്മേളനവുമാണ് സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. സംഭവത്തില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസും നടന്‍റെ ജനപ്രീതിയെ തള്ളിക്കളഞ്ഞ് ഭരണകക്ഷിയായ ടിവികെയും രംഗത്തെത്തി.

തോറൈപ്പാക്കത്തെ സ്വകാര്യ കോളേജില്‍ നടന്ന 'ധനുഷ് നര്‍പ്പണി ഇയക്കം' (മുമ്പ് ധനുഷ് നര്‍പ്പണി മന്‍ട്രം) വനിതാ ഭാരവാഹികളുടെ സംഗമത്തില്‍ മൂവായിരത്തോളം വനിതാ പ്രതിനിധികളാണ് പങ്കെടുത്തത്. വേദിയിലെ പശ്ചാത്തല ബോര്‍ഡുകളില്‍ ധനുഷ് രാഷ്ട്രീയ നേതാക്കളുടെ ശൈലിയില്‍ പരമ്പരാഗത വസ്ത്രം ധരിച്ച് കൈകൂപ്പിയും കൈവീശിയും നില്‍ക്കുന്ന കൂറ്റന്‍ ചിത്രങ്ങളാണ് സ്ഥാപിച്ചിരുന്നത്. കൂടാതെ, സമ്മേളനത്തിനെത്തിയ വനിതകള്‍ക്ക് താമര ചിഹ്നം ആലേഖനം ചെയ്ത വെള്ളി കാമാക്ഷി വിളക്കുകള്‍ ഉപഹാരമായി നല്‍കിയതാണ് രാഷ്ട്രീയ നിരീക്ഷകരുടെ കണ്ണിലുടക്കിയത്. ധനുഷിന്‍റെ പുതിയ രാഷ്ട്രീയ ചുവടുവെപ്പ് ബിജെപിയും ആര്‍എസ്എസും ആസൂത്രണം ചെയ്ത 'ഓപ്പറേഷന്‍ ഡി' അല്ലെങ്കില്‍ 'പ്ലാന്‍ സി' എന്ന രഹസ്യ അജണ്ടയുടെ ഭാഗമാണെന്ന് ടിഎന്‍സിസി അധ്യക്ഷന്‍ ബി. മാണിക്കം ടാഗോര്‍ ആരോപിച്ചു. ഡല്‍ഹിയിലെ ബിജെപി ഉന്നത നേതൃത്വത്തിന്‍റെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് അനുസൃതമായാണ് ഈ നീക്കങ്ങള്‍ അരങ്ങേറുന്നത്.