ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സമരം കൂടുതല്‍ ശക്തമാകുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്ന് ഡല്‍ഹി കോണാട്ട് പ്ലേസിലെ മോറ്റ്സ് റസ്റ്ററന്റില്‍ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിലെ എംപിമാര്‍ക്കായി ഉച്ചഭക്ഷണം ഒരുക്കി. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഉച്ചഭക്ഷണ തന്ത്രം പയറ്റി പ്രതിപക്ഷം സമരത്തിനിറങ്ങുന്നത്. യോഗത്തിനു ശേഷം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ വീണ്ടും ശക്തമായ പ്രതിഷേധ പ്രകടനത്തിലേക്ക് കടക്കുമെന്നാണ് ഉന്നത വൃത്തങ്ങളില്‍നിന്നുള്ള സൂചന.
രാഷ്ട്രപതിയെ കാണാനുള്ള നീക്കവും ഇന്ത്യ സഖ്യം നടത്തുന്നുണ്ടെന്നാണു വിവരം. പത്ത് നേതാക്കള്‍ക്ക് മാത്രമേ രാഷ്ട്രപതി അനുമതി നല്കാന് സാധ്യതയുള്ളൂ. അങ്ങനെയെങ്കില്‍ രാഷ്ട്രപതിയുടെ ആവശ്യത്തിനു വഴങ്ങി കൂടിക്കാഴ്ച നടത്താമെന്ന ആലോചനയും നേതാക്കള്‍ക്കിടയിലുണ്ട്. ഇന്നത്തെ പ്രതിഷേധ സമരത്തില്‍ മമത ബാനര്‍ജി എത്തിയേക്കുമെന്നാണു വിവരം. ഇന്നലെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് ജന്തര്‍ മന്തറിലേക്ക് എത്തുന്നതിന് മുന്‍പ് പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് റോഡില്‍ ഇരുന്ന് പ്രതിഷേധിച്ച രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ ഇന്ത്യ സഖ്യ നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുന്നത് വരെ പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. രാഹുലിനും പ്രിയങ്കക്കുക്കുമെതിരെ ഡല്‍ഹി പോലീസ് വീണ്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഗ്യനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെ ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധത്തിലാണ് രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ കേസ് രജിസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ മൂന്ന് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു. പൊലീസിനെ കയ്യേറ്റം ചെയ്തുവെന്നും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നുമാണ് കേസ്.