ഘാനയെ വീഴ്ത്തി കൊളംബിയ പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെ എതിരിടും

കാന്‍സസ് സിറ്റി: ഫിഫ ലോകകപ്പില്‍ ഘാനയെ തകര്‍ത്ത് കൊളംബിയ പ്രീക്വാര്‍ട്ടറില്‍. എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെയാണ് കൊളംബിയയ്ക്ക് നേരിടേണ്ടത്. മത്സരത്തിന്‍റെ തുടക്കംമുതല്‍തന്നെ ഇരുടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ആദ്യ പകുതിയില്‍ ജോണ്‍ അരിയാസിന്‍റെ ഗോളിലൂടെ കൊളംബിയ മുന്നിലെത്തി. 14-ാം മിനിറ്റിലാണ് കൊളംബിയയുടെ വിജയഗോള്‍. പരിക്കേറ്റ കോര്‍ഡോബയ്ക്ക് പകരം കളത്തിലിറങ്ങിയ ലൂയിസ് സുവാരസ് വലതുഭാഗത്തുനിന്ന് നല്‍കിയ മികച്ചൊരു ക്രോസ് സ്വീകരിച്ചാണ് അരിയാസ് പന്ത് വലയിലെത്തിച്ചത്. കൊളംബിയയുടെ കോര്‍ഡോബയും ഘാനയുടെ സെനായയും പരിക്കിനെത്തുടര്‍ന്ന് ആദ്യ 15 മിനിറ്റിനുള്ളില്‍തന്നെ സബ്സ്റ്റിറ്റിയൂട്ട് ചെയ്യപ്പെട്ടു. ഘാന താരം ഒപോകുവിന്‍റെ മുന്നേറ്റം തടയുന്നതിനിടെയാണ് കൊര്‍ഡോബയ്ക്ക് പരിക്കേറ്റത്. തുടര്‍ന്നാണ് കൊളംബിയയുടെ ആദ്യ ഗോളിന് വഴികാട്ടിയ ലൂയിസ് സുവാരസ് പകരക്കാരനായെത്തിയത്. 13-ാം മിനിറ്റില്‍ പരിക്കേറ്റ സെനായയ്ക്ക് പകരം സെയ്ദു ഘാനയ്ക്കായി കളത്തിലിറങ്ങി. രണ്ടാം പകുതിയില്‍ ലീഡ് ഉയര്‍ത്താന്‍ കൊളംബിയയും സമനിലയ്ക്കായി ഘാനയും കടുത്ത പോരാട്ടം നടത്തി. 57-ാം മിനിറ്റില്‍ കൊളംബിയയുടെ ഡയസ് പന്ത് വലയിലെത്തിച്ചെങ്കിലും വാര്‍ പരിശോധനയില്‍ അത് ഓഫ്സൈഡാണെന്ന് കണ്ടെത്തി ഗോള്‍ നിഷേധിച്ചു. തൊട്ടടുത്ത മിനിറ്റുകളില്‍ ഇരു ടീമുകള്‍ക്കും മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍കീപ്പര്‍മാരുടെ മികച്ച പ്രകടനം സ്കോര്‍ നിലയില്‍ മാറ്റമുണ്ടാക്കിയില്ല.