മെക്സിക്കോ ഗ്രൂപ്പ് ചാമ്പ്യന്മാരായി ; കൊറിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക രണ്ടാമത്

മെക്സിക്കോ സിറ്റി: ഇരുപത്തിമൂന്നാം ലോകകപ്പ് ഫുട്ബോളില്‍ പരാജയമറിയാതെ ആതിഥേയരായ മെക്സിക്കോ കുതിപ്പ് തുടരുന്നു. ഗ്രൂപ്പ് മത്സരത്തിലെ മൂന്ന് മത്സരവും ജയിച്ച് ഒമ്പത് പോയന്‍റും നേടിയാണ് മുന്നേറ്റം. ചെക്ക് റിപ്പബ്ലിക്കിനെ മറുപടിയില്ലാത്ത മൂന്ന് ഗോളിനാണ് തകര്‍ത്തത്. യൂലിയന്‍ ക്വിനോനസും മാറ്റിയോ ഷാവേസും അല്‍വാരോ ഫിഡാല്‍ഗോയുമാണ് ടീമിനായി ഗോള്‍ നേടിയത്. തുടര്‍ വിജയത്തിന്‍റെ കരുത്തില്‍ നേരത്തെ നോക്കൗട്ട് ഉറപ്പിച്ച മെക്സിക്കോ സമ്മര്‍ദ്ദങ്ങളില്ലാതെയാണ് പന്തു തട്ടിയത്. ജീവന്‍ മരണ പോരാട്ടത്തിനിറങ്ങിയ ചെക്ക് റിപ്പബ്ലിക്ക് പ്രതിരോധ കോട്ട അടച്ചതോടെ ആദ്യപകുതി ഗോള്‍ രഹിതമായി. രണ്ടാം പകുതിയില്‍ മൂന്നുഗോളുമായി മെക്സിക്കോ കത്തിക്കയറി. 55-ാം മിനിറ്റില്‍ പ്രതിരോധ താരം മാറ്റിയോ ഷാവേസാണ് ടീമിനായി ലീഡ് നേടിയത്.

അഞ്ച് മിനിറ്റ് കഴിയും മുമ്പ് യൂലിയന്‍ ക്വിനോനോസ് രണ്ടാം ഗോള്‍ നേടി. മറുപടി ഗോളിനായി ചെക്ക് താരങ്ങള്‍ പരിശ്രമം തുടര്‍ന്നെങ്കിലും ഒന്നും ലക്ഷ്യത്തെത്തിയില്ല. ഇഞ്ചുറി ടൈമില്‍ പകരക്കാരനായെത്തിയ അല്‍വാരോ ഫിഡാല്‍ഗോ കൂടി ഗോള്‍ നേടിയതോടെ ചെക്ക് റിപ്പബ്ലിക്ക് തകര്‍ന്നടിഞ്ഞു. രണ്ട് തോല്‍വിയും ഒരു സമനിലയുമായി ഗ്രൂപ്പ് എയില്‍ നാലാം സ്ഥാനക്കാരായാണ് ചെക്കിന്‍റെ മടക്കം. ആദ്യ മത്സരത്തില്‍ രണ്ട് ഗോളിന് ദക്ഷിണാഫ്രിക്കയെ കീഴടക്കിയ മെക്സിക്കോ, രണ്ടാം മത്സരത്തില്‍ പൊരുതിക്കളിച്ച ദക്ഷിണ കൊറിയയെ ഒരു ഗോളിനാണ് തോല്‍പ്പിച്ചത്.