മെക്സിക്കോ സിറ്റി: ഇക്വഡോറിനെ വീഴ്ത്തി മെക്സിക്കോ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറിലെത്തി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ആതിഥേയരുടെ ജയം. ആദ്യപകുതിയിലായിരുന്നു രണ്ട് ഗോളുകളും പിറന്നത്. 22-ാം മിനിററില് ഹൂലിയന്‍ ക്വിനോനെസിന്റെ ഗോളിലൂടെ മുന്നിലെത്തിയ മെക്സിക്കോ 31-ാം മിനിറ്റില്‍ റൗള്‍ ഹിമെനെസിന്റെ ഗോളിലൂടെ ലീഡുയര്‍ത്തി.കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഇക്വഡോര്‍ താരം പിയറോ ഹിന്‍കാപിക്ക് വായ പൊത്തി സംസാരിച്ചതിന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോകേണ്ടി വന്നതോടെ പത്തുപേരുമായാണ് ഇക്വഡോര്‍ മത്സരം പൂര്‍ത്തിയാക്കിയത്. പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് ഡി.ആര് കോംഗോ മത്സരത്തിലെ വിജയികളെയായിരിക്കും മെക്സിക്കോ നേരിടുക.
കനത്ത മഴയും ഇടിമിന്നലും കാരണം മത്സരം നിശ്ചിത സമയത്തിലും വൈകിയാണ് ആരംഭിച്ചത്. തുടക്കം മുതല്‍ കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയത് മെക്സിക്കോ ആയിരുന്നു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവില്‍ 22-ാം മിനിറ്റില്‍ തന്നെ മെക്സിക്കോ ആദ്യ വെടിപൊട്ടിച്ചു. മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ ഹൂലിയന്‍ ക്വിനോനെസ് ആണ് ടീമിനെ മുന്നിലെത്തിച്ചത്. ആദ്യ ഗോളിന്റെ ആവേശം അടങ്ങും മുമ്പ് 31-ാം മിനിറ്റില്‍ ലഭിച്ച അവസരം പ്രയോജനപ്പെടുത്തി പരിചയസമ്പന്നനായ സ്ട്രൈക്കര്‍ റൗള്‍ ഹിമെനെസ് മെക്സിക്കോയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി (2-0). ആദ്യ പകുതിയില്‍ ഇക്വഡോറിനെ പൂര്‍ണ്ണമായും പ്രതിരോധത്തിലാക്കാന്‍ മെക്സിക്കോയ്ക്ക് സാധിച്ചു. രണ്ടാം പകുതിയില്‍ പന്തടക്കത്തില്‍ ഇക്വഡോര്‍ അല്പം മുന്നിട്ടുനിന്നെങ്കിലും മെക്സിക്കോയുടെ ശക്തമായ പ്രതിരോധ കോട്ട ഭേദിക്കാന്‍ അവര്‍ക്കായില്ല. എണ്ണപ്പെട്ട ചില അവസരങ്ങള്‍ ഇക്വഡോര്‍ താരം എന്നെര്‍ വലന്‍സിയയും സംഘവും സൃഷ്ടിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല.