ബാലോഗുന്‍ വിവാദങ്ങള്‍ക്കൊടുവില്‍ തോല്‍വി; ബെല്‍ജിയത്തിന് മുന്നില്‍ അമേരിക്ക വീണു

സിയാറ്റില്‍ : ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ കരുത്തരായ ബെല്‍ജിയത്തോട് തോറ്റ് ആതിഥേയരായ അമേരിക്ക പുറത്ത്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബെല്‍ജിയം അമേരിക്കയെ തകര്‍ത്ത് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്. ഇരട്ടഗോളുകളുമായി തിളങ്ങിയ ചാള്‍സ് ഡി കെറ്റെലെയറാണ് അമേരിക്കയുടെ സ്വപ്നങ്ങള്‍ തകര്‍ത്തത്. കളിക്കളത്തേക്കാള്‍ കൂടുതല്‍ കളത്തിന് പുറത്തെ വിവാദങ്ങളാല്‍ ശ്രദ്ധേയമായ മത്സരത്തില്‍ തുടക്കം മുതല്‍ ബെല്‍ജിയം ആധിപത്യം പുലര്‍ത്തി. ബോസ്നിയക്കെതിരെയുള്ള കഴിഞ്ഞ മത്സരത്തില്‍ അമേരിക്കന്‍ സ്ട്രൈക്കര്‍ ഫൊലാരിന്‍ ബലോഗന് ലഭിച്ച റെഡ് കാര്‍ഡ് മൂലമുള്ള സസ്പെന്‍ഷന്‍ ഫിഫ അസാധുവാക്കിയ നടപടി മത്സരത്തിന് മുമ്പ് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ അസാധാരണമായ ഇടപെടലിനെത്തുടര്‍ന്ന് ഫിഫ ഈ തീരുമാനം എടുത്തതോടെ ബലോഗന് ബെല്‍ജിയത്തിനെതിരെ കളിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഇതിനെതിരെ ബെല്‍ജിയം അപ്പീല്‍ നല്‍കുകയും ഉന്നതതല ഇടപെടലുകള്‍ നടക്കുകയും ചെയ്തെങ്കിലും താരത്തിന് കളിക്കാന്‍ അനുമതി ലഭിക്കുകയായിരുന്നു. 9-ാം മിനിറ്റില്‍ നിക്കോളാസ് റാസ്കിന്‍റെ പാസില്‍ നിന്ന് ഡി കെറ്റെലെയര്‍ ബെല്‍ജിയത്തിന്‍റെ ആദ്യ ഗോള്‍ നേടി. 31ാം മിനിറ്റില്‍ മലിക് ടില്‍മാന്‍റെ ഫ്രീകിക്ക് ഹാന്‍സ് വനാകെനില്‍ തട്ടി ഗോളായി മാറിയപ്പോള്‍ അമേരിക്ക ഒപ്പമെത്തി. എന്നാല്‍ രണ്ട് മിനിറ്റിനുള്ളില്‍ ലിയാന്‍ഡ്രോ ട്രോസാര്‍ഡിന്‍റെ ക്രോസില്‍ നിന്ന് തല വെച്ച് ഡി കെറ്റെലെയര്‍ ബെല്‍ജിയത്തെ വീണ്ടും മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ അമേരിക്കന്‍ ഗോള്‍കീപ്പര്‍ മാറ്റ് ഫ്രീസിന്‍റെ പിഴവ് മുതലെടുത്ത് ഡി കെറ്റെലെയര്‍ നല്‍കിയ പന്ത് ഹാന്‍സ് വനാകെന്‍ വലയിലെത്തിച്ചു. തുടര്‍ന്ന് 93ാം മിനിറ്റില്‍ പകരക്കാരനായി എത്തിയ റൊമേലു ലുക്കാകു കൂടി ഗോള്‍പ്പട്ടിക പൂര്‍ത്തിയാക്കിയതോടെ അമേരിക്കയുടെ പരാജയം പൂര്‍ണമായി. മെക്സിക്കോയും കാനഡയും നേരത്തെ പുറത്തായതോടെ ടൂര്‍ണമെന്‍റില്‍ അവശേഷിച്ച ഏക ആതിഥേയരാജ്യമായിരുന്നു അമേരിക്ക. 2002ന് ശേഷം ആദ്യമായി ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ടിറങ്ങിയ മൗറീഷ്യോ പോച്ചെറ്റിനോയുടെ സംഘം സ്വന്തം കാണികള്‍ക്ക് മുന്നില്‍ നിരാശാജനകമായ പ്രകടനമാണ് കാഴ്ചവെച്ചത്. ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച സ്പെയിനാണ് ബെല്‍ജിയത്തിന്‍റെ എതിരാളികള്‍.