ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനയുടെ നീലയും വെള്ളയും ജേഴ്സിയില്‍ ലിയോണല്‍ മെസ്സിയുടെ അവസാന മത്സരത്തിന് മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട ഇതിഹാസ തുല്യമായ അന്താരാഷ്ട്ര ഫുട്ബോള്‍ കരിയറിന് ഫൈനല്‍ വിസിലൂതാന്‍ അര്‍ജന്റീനയുടെ ഇതിഹാസതാരം ലിയോണല്‍ മെസി നാളെ ഇറങ്ങുന്നു. ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 4.30ന് ബ്യൂണസ് ഐറിസിലാണ് മത്സരം. ആഫ്രിക്കന്‍ രാജ്യമായ ബെനിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തോടെ 39കാരനായ മെസി അര്‍ജന്റീനയുടെ വെള്ളയും നീലയും കലര്‍ന്ന ജേഴ്സി അഴിച്ചുവെക്കും.
ബ്യൂണസ് അയേഴ്സിലെ എസ്റ്റാഡിയോ മാസ മോണുമെന്റല്‍ സ്റ്റേഡിയത്തില്‍ 85,000ത്തോളം വരുന്ന കാണികളെ സാക്ഷി നിര്‍ത്തിയാകും മെസിയുടെ വിടവാങ്ങല്‍ മത്സരം അരങ്ങേറുക. 2022ലെ ഖത്തര്‍ ലോകകപ്പ് വിജയികളായ അര്‍ജന്റീന ടീമിലെ സഹതാരങ്ങളും അര്‍ജന്റീനയുടെ പുതിയ തലമുറയും ഈ ചരിത്ര നിമിഷത്തില്‍ മെസിക്കൊപ്പം അണിനിരക്കും. അന്താരാഷ്ട്ര ഫുട്ബോളിലെ നിരവധി ചരിത്ര റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയാണ് മെസി തന്റെ കരിയറിന് പൂര്‍ണ്ണവിരാമമിടുന്നത്. അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ഗോളുകളും അസിസ്റ്റുകളും നേടിയ മെസി ബെനിനെതിരായ മത്സരത്തോടെ 208 അന്താരാഷ്ട്ര മത്സരങ്ങള്‍ തികയ്ക്കും.
തന്റെ അന്താരാഷ്ട്ര കരിയറില്‍ 125 ഗോളുകളും 68 അസിസ്റ്റുകളുമാണ് മെസി അര്‍ജന്റീന കുപ്പായത്തില്‍ നേടിയിട്ടുള്ളത്. 2022ലെ ഫിഫ ലോകകപ്പ് കിരീടത്തിന് പുറമെ രണ്ട് കോപ്പ അമേരിക്ക ട്രോഫികളും ഒരു ഫൈനലിസിമ കിരീടവും അര്‍ജന്റീനയ്ക്ക് സമ്മാനിച്ച ശേഷമാണ് താരം പടിയിറങ്ങുന്നത്. രണ്ട് തവണ അര്‍ജന്റീനയെ ലോകകപ്പ് ഫൈനലിലേക്ക് നയിക്കാനും മെസിക്കായി. അര്‍ജന്റീനയുടെ വൈസ് ക്യാപ്റ്റനും ഡിഫന്‍ഡറുമായ 38കാരന് നിക്കോളാസ് ഒട്ടമെന്‍ഡിയും ഈ മത്സരത്തോടെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് മെസിക്കൊപ്പം വിടവാങ്ങും.
ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ 04:30നാണ് മത്സരത്തിന് കിക്കോഫ് ആകുക. സൗഹൃദ മത്സരമായതിനാല്‍ ഇന്ത്യയിലെ ടെലിവിഷന്‍ ചാനലുകളില്‍ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കില്ലെങ്കിലും, ആരാധകര്‍ക്ക് സീ5 ആപ്പിലൂടെയും വെബ്സൈറ്റിലൂടെയും മത്സരത്തിന്റെ ലൈവ് സ്ട്രീം കാണാവുന്നതാണ്.