പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 22 ഇന്ത്യക്കാര്‍

റിയാദ്/ ന്യൂദല്‍ഹി: ഫെബ്രുവരി 28ന് ആരംഭിച്ച പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ശേഷം മിഡിലീസ്റ്റില്‍ കൊല്ലപ്പെട്ടത് 22 ഇന്ത്യക്കാര്‍. ഇതില്‍ 14 പേരും കപ്പല്‍ ജീവനക്കാരാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സമീപകാലത്ത് സൗദി അറേബ്യയിലുണ്ടായ ആക്രമണങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടത് അടക്കമുള്ള കണക്കാണിത്. നൂറോളം ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ച ദിവസം മുതലുള്ള കണക്കാണിത്. ഇന്ത്യന്‍ വിദേശകാര്യ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാളാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. മേഖലയിലെ സുരക്ഷാ സാഹചര്യം വഷളാകുന്നതില്‍ ഇന്ത്യക്ക് കടുത്ത ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഗള്‍ഫ് മേഖലയിലെ ഇന്ത്യന്‍ പ്രവാസികളുമായും നാവികരുമായും എംബസികളും കോണ്‍സുലേറ്റുകളും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മേഖലയിലെ ഇന്ത്യന്‍ തൊഴിലാളികളുടെയും നാവികരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ നയതന്ത്ര കാര്യാലയങ്ങള്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ജൂലൈ 30ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്ക്പ്രകാരം 16 പേരാണ് കൊല്ലപ്പെട്ടിരുന്നത്. 75 പേര്‍ക്ക്പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമുള്ള മൂന്ന് മാസത്തിനിടെയാണ് ആറ് പേര്‍ കൂടി കൊല്ലപ്പെട്ടത്. ഒമാനില്‍ എട്ടും യുഎഇയില്‍ നാല് പേരും കൊല്ലപ്പെട്ടതായാണ് ജൂലൈ 30ലെ കണക്ക് വ്യക്തമാക്കുന്നത്. കുവൈത്തില്‍ രണ്ടും സൗദി അറേബ്യയില്‍ മൂന്നും ഇന്ത്യക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ഇറാഖില്‍ ഒരു ഇന്ത്യക്കാരനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷ മേഖലകളിലെ കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടമായത്. ഒമാനിലെ മരണങ്ങള്‍ കപ്പലുകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. ഹോര്‍മുസില്‍ നിരന്തരം ആക്രമണം നടക്കുന്നതിനിടെയാണ് ഇന്ത്യന്‍ നാവികര്‍ക്ക് ജീവന്‍ നഷ്ടമായത്. ഹോര്‍മുസും ബാബ് അല്‍ മന്ദബും അടക്കം സംഘര്‍ഷ സാധ്യത മേഖലകളിലേക്ക് വിവിധ ഷിപ്പിങ് കമ്പനികള്‍ കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്ത് ഇന്ത്യന്‍ നാവികരെ നിയോഗിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഏതാനും മലയാളി നാവികര്‍ ഹോര്‍മുസില്‍ നിന്നുള്ള വിഡിയോകളും പുറത്തുവിട്ടിരുന്നു.