ഒമാനില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍

മസ്കത്ത്: എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ശൈത്യകാല ഷെഡ്യൂളില്‍ ഒമാനില്‍ നിന്ന് കേരള സെക്ടറിലേക്കുള്ള സര്‍വീസുകളുടെ സമയക്രമം പ്രഖ്യാപിച്ചു. ഒക്ടോബര്‍ 25 മുതല്‍ 2027 മാര്‍ച്ച് 27 വരെയുള്ള സര്‍വീസുകളുടെ സമയക്രമാണ് എയര്‍ലൈന്‍ അറിയിച്ചത്. കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രകള്‍ ആസൂത്രണം ചെയ്യുന്ന പ്രവാസികള്‍ക്ക് ഇത് പ്രയോജനമാകും. മസ്കത്തില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ രാത്രി 11.25നാണ് സര്‍വീസ്. മസ്കത്ത്കൊച്ചി റൂട്ടില്‍ തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 10.55നാണ് വിമാനം പുറപ്പെടുക.

കൊച്ചിയില്‍ നിന്നുള്ള മടക്കയാത്രാ സമയത്തില്‍ നവംബര്‍ മാസം പ്രത്യേക മാറ്റങ്ങളുണ്ട്. മസ്കത്ത് കോഴിക്കോട് റൂട്ടില്‍ ബുധന്‍, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.45നാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. കണ്ണൂരിലേക്കുള്ള സര്‍വീസുകള്‍ തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 8.05ന് മസ്കത്തില്‍നിന്ന് പുറപ്പെടുന്ന രീതിയിലാണ്. സലാലയില്‍നിന്ന് കോഴിക്കോട്ടേക്ക് വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ വൈകിട്ട് മൂന്നിനാണ് സര്‍വീസ്. സലാല കൊച്ചി റൂട്ടില്‍ ബുധന്‍, വെള്ളി ദിവസങ്ങളില്‍ പുലര്‍ച്ചെ 4.40നാണ് വിമാനം പുറപ്പെടുക.

കൊച്ചിയില്‍ നിന്നുള്ള വിമാനം ഇതേ ദിവസങ്ങളില്‍ രാവിലെ 11.15ന് പുറപ്പെട്ട് ഉച്ചയ്ക്ക് രണ്ടിന് സലാലയില്‍ എത്തിച്ചേരുംവിധമാണ്. ശൈത്യകാല ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സര്‍വീസുകളുടെ ദിവസങ്ങളിലും സമയങ്ങളിലും മാറ്റങ്ങള്‍ വന്നേക്കാം. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പും യാത്രയ്ക്ക് തൊട്ടുമുമ്പും എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഏറ്റവും പുതിയ സമയക്രമം പരിശോധിച്ച് ഉറപ്പാക്കണമെന്നും അധികൃതര്‍ പറയുന്നുണ്ട്.