യു.എസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍റെ ശക്തമായ ആക്രമണം

ടെഹ്റാന്‍/വാഷിംഗ്ടണ്‍: ഹോര്‍മുസ് കടലിടുക്കിലെ തന്ത്രപ്രധാനമായ ലാര്‍ക് ദ്വീപില്‍ അമേരിക്ക നടത്തിയ ആക്രമണത്തിന് ശക്തമായ തിരിച്ചടിയുമായി ഇറാന്‍. പ്രതികാരമായി ജോര്‍ദാനിലെ യു.എസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്സ് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ശക്തമായ ആക്രമണം നടത്തിയതായി ഇറാനിയന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജോര്‍ദാനിലെ കിംഗ് ഹുസൈന്‍, അല്‍ അസ്റഖ് എന്നീ അമേരിക്കന്‍ സൈനിക താവളങ്ങളെ ലക്ഷ്യമാക്കിയാണ് തങ്ങള്‍ മിസൈലുകള്‍ തൊടുത്തതെന്ന് ഇറാന്‍ റവല്യൂഷനറി ഗാര്‍ഡ്സ് സ്ഥിരീകരിച്ചു. ലാര്‍ക് ദ്വീപിലെ യു.എസ് ആക്രമണത്തിന് കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. യു.എസ് നടത്തിയ ആക്രമണത്തില്‍ നിരവധി ഇറാനിയന്‍ സൈനികര്‍ക്കും സാധാരണക്കാര്‍ക്കും പരിക്കേല്‍ക്കുകയോ ജീവന്‍ നഷ്ടപ്പെടുകയോ ചെയ്തതായി ഇറാന്‍റെ ഔദ്യോഗിക മാധ്യമമായ ഐ.ആര്‍.ഐ.ബി വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പല്‍ ഗതാഗതം തടസ്സപ്പെടുത്താന്‍ ലക്ഷ്യമിട്ട് കടല്‍ മൈനുകള്‍ വിന്യസിക്കാന്‍ ഇറാന്‍ സൈന്യം തയാറെടുക്കുന്നതായി അമേരിക്കന്‍ സൈന്യം കണ്ടെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ലാര്‍ക് ദ്വീപിലെ രണ്ട് ഇറാനിയന്‍ റോക്കറ്റ് ലോഞ്ചറുകള്‍ക്ക് നേരെ യു.എസ് വ്യോമാക്രമണം നടത്തിയത്. ജൂലൈ മാസത്തിന് ശേഷം ഇറാന്‍ മണ്ണില്‍ അമേരിക്ക നടത്തുന്ന ആദ്യത്തെ സൈനിക ആക്രമണമാണിത്. കടല്‍ മൈനുകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലും ബോട്ടും ഉടനടി നശിപ്പിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ കടുത്ത മുന്നറിയിപ്പ് നല്‍കിയിരുന്നു. തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ മൈന്‍ സ്ഥാപിക്കുന്നതിനെതിരെ അമേരിക്കയ്ക്ക് സീറോ ടോളറന്‍സ് നയമാണുള്ളതെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഏഴു മാസമായി തുടരുന്ന അമേരിക്ക-ഇറാന്‍ സംഘര്‍ഷം ഈ പുതിയ ആക്രമണങ്ങളോടെ വീണ്ടും കടുത്ത യുദ്ധഭീതിയിലേക്ക് നീങ്ങുകയാണ്. ആഗോളതലത്തില്‍ ആവശ്യമായ എണ്ണയുടെയും എല്‍.എന്‍.ജിയുടെയും അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണ് ഹോര്‍മുസ് കടലിടുക്ക്. ഇരുരാജ്യങ്ങളും തമ്മിലുള്ള പോരാട്ടം ഈ മേഖലയിലെ കപ്പല്‍ ഗതാഗതത്തെയും ആഗോള സമ്പദ് വ്യവസ്ഥയെയും കടുത്ത പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തലുകള്‍.