പാരീസ്: പാക്കിസ്ഥാന് പൈലറ്റുമാര്‍ക്കും ക്യാബിന് ക്രൂ അംഗങ്ങള്‍ക്കും ഇസ്രയേലിലേക്കുള്ള വിമാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി എയര്‍ ഫ്രാന്‍സ്. ഫ്ളൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിലക്കെന്നാണ് സൂചന. ഇസ്രയേലിലേക്കോ ഇസ്രയേലില്‍നിന്ന് തിരിച്ചോ ഉള്ള എയര്‍ ഫ്രാന്‍സ് വിമാനങ്ങളില്‍ പാക്കിസ്ഥാന് ജീവനക്കാരെ അനുവദിക്കില്ല.
ഇസ്രായേലിലേക്ക് സര്‍വീസ് നടത്തുന്ന വിമാന സര്‍വീസുകളില്‍ പാകിസ്താന് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ജീവനക്കാരെ എയര്‍ ഫ്രാന്‍സ് മാറ്റിനിര്‍ത്തും. പാകിസ്താന്, ഇറാന്, സൗദി അറേബ്യ, അള്‍ജീരിയ, ടുണീഷ്യ എന്നിവയുള്‍പ്പെടെ 31 രാജ്യങ്ങളിലെ പൗരന്മാരെ ഈ നയം ബാധിക്കും. നയതന്ത്രബന്ധമില്ലാത്ത രാജ്യങ്ങളിലെ പൗരന്മാരെ വിമാനങ്ങളില്‍ ജീവനക്കാരാക്കുന്നതിന് ഇസ്രയേല്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ അനുസരിച്ചാണ് വിലക്കെന്ന് എയര്‍ ഫ്രാന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. യുഎസ് എയര്‍ലൈനായ യുണൈറ്റഡ് എയര്‍ലൈന്‍സും ചെക്ക് എയര്‍ലൈനായ സ്മാര്‍ട് വിങ്സും സമാനമായ നിയന്ത്രണമേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇസ്രയേല്‍ നിയന്ത്രണം കടുപ്പിച്ചതോടെ ഇന്തൊനീഷ്യന്‍ പൈലറ്റ് നിയന്ത്രിച്ചിരുന്ന ഇത്യോപ്യന്‍ വിമാനത്തിന് ചൊവ്വാഴ്ച തിരികെപ്പോകേണ്ടി വന്നു. വിമാനം യാത്ര തുടങ്ങി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ഇസ്രയേലിന്റെ ഉത്തരവ് എത്തിയതെന്ന് ജറുസലം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് വിമാനം ആഡിസ് ആബബയിലേക്ക് തിരികെപ്പോകുകയും അവിടെവച്ച് പൈലറ്റിനെ മാറ്റിയ ശേഷം തിരികെ ടെല്‍ അവീവിലേക്ക് വരുകയുമായിരുന്നു. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തൊനീഷ്യയും ഇസ്രയേലുമായും നയതന്ത്ര ബന്ധമില്ല.