ടെഹ്റാന്‍: യു.എസ്. ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ബഹ്റൈനിലെ യു.എസ്. അഞ്ചാം നാവികപ്പടയ്ക്ക് നേരെയും പശ്ചിമേഷ്യയിലെ മറ്റു യുഎസ് കേന്ദ്രങ്ങള്‍ക്കുനേരെയും ഇറാന്‍റെ ആക്രമണം. ബഹ്റൈനിലെ യു.എസ്. അഞ്ചാം നാവികപ്പടയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇറാന്‍റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐ.ആര്‍.ജി.സി.) അവകാശപ്പെട്ടു. ജോര്‍ദാനിലെ യു.എസ്. വ്യോമതാവളത്തിന് നേരെയും കുവൈത്തിന് നേരെയും ആക്രമണം നടത്തിയതായി ഐ.ആര്‍.ജി.സി. വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമണം പ്രതിരോധിച്ചതായി കുവൈത്ത് സേന അറിയിച്ചു. പോരാട്ടം തുടരുകയാണെന്നും അമേരിക്കന്‍ സൈന്യത്തിന്‍റെ അധിനിവേശം തുടര്‍ന്നാല്‍ ഇതിലും ശക്തമായ തിരിച്ചടികള്‍ ഉണ്ടാകുമെന്നും ഐ.ആര്‍.ജി.സി. പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നല്‍കി.
ഹോര്‍മുസ് കടലിടുക്കിന് സമീപം യു.എസിന്‍റെ അപ്പാച്ചെ ഹെലികോപ്റ്റര്‍ ഇറാന്‍ സേന വെടിവെച്ചിട്ടതിനു പിന്നാലെയാണ് ഇറാനെതിരെ അമേരിക്കന്‍ സൈന്യം വ്യോമാക്രമണം നടത്തിയത്. ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഇറാന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷനുകള്‍, നിരീക്ഷണ റഡാര്‍ കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. യു.എസ്. വ്യോമസേനയുടെയും നാവികസേനയുടെയും യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് ഇറാന്‍റെ കേന്ദ്രങ്ങള്‍ തകര്‍ത്തത്. യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിനായി യു.എസ്. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ശ്രമം തുടരുന്നതിനിടെയാണ് ഇറാനുമായി സൈനിക സംഘര്‍ഷം കടുപ്പിക്കുന്ന രീതിയിലുള്ള ഈ തിരിച്ചടി. ഇതിന് പിന്നാലെ തങ്ങള്‍ക്കെതിരെയുള്ള ഒരു ആക്രമണത്തിനും ഭീഷണിക്കും മറുപടി നല്‍കാതിരിക്കില്ലെന്ന് ഇറാനും മുന്നറിയിപ്പ് നല്‍കി. പിന്നാലെയായിരുന്നു ഇറാന്‍റെ ആക്രമണം. 21 ഓളം കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തി. അതേസമയം, ഇറാന്‍റെ തെക്കന്‍ മേഖലകളില്‍നിന്ന് സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ ആക്രമണങ്ങളുടെ വ്യാപ്തി എത്രത്തോളമുണ്ടെന്നതില്‍ നിലവില്‍ വ്യക്തതയില്ല. ഇറാനില്‍ മൂന്ന് ഘട്ടങ്ങളായാണ് അമേരിക്കന്‍ സൈന്യം ആക്രമണം നടത്തിയതെന്നും വ്യോമ പ്രതിരോധ സംവിധാനങ്ങളും റഡാറുകളുമാണ് പ്രധാനമായും ലക്ഷ്യമിട്ടതെന്നുമാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചിരിക്കുന്നത്.
പരസ്പരം ആക്രമണം നിര്‍ത്തിയെന്ന് ഇറാനും ഇസ്രയേലും പ്രഖ്യാപിച്ച് ഏതാനും മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ഹോര്‍മുസ് കടലിടുക്കിനു സമീപം യു.എസ്. ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. പിന്നാലെ ഇറാന്‍ തങ്ങളുടെ സൈനിക ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതായി ട്രംപ് സ്ഥിരീകരിച്ചു. ഈ ആക്രമണത്തിന് അമേരിക്ക മറുപടി നല്‍കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. രണ്ടു പൈലറ്റുമാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെന്നും ട്രംപ് അറിയിച്ചു. ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതോടെ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചിരുന്നു. ഏപ്രില്‍ 13 മുതല്‍ യു.എസും ഹോര്‍മുസില്‍ നാവിക ഉപരോധമേര്‍പ്പെടുത്തി. വിലക്ക് ലംഘിച്ച് ഹോര്‍മുസില്‍ പ്രവേശിക്കുന്ന കപ്പലുകളെ ഇരുകൂട്ടരും ആക്രമിച്ചിരുന്നു. ഹോര്‍മുസിനുമീതെ പറന്ന ഡ്രോണുകളും പരസ്പരം വെടിവെച്ചിട്ടു. ഉപരോധം ലംഘിക്കുന്ന കപ്പലുകളെ ലക്ഷ്യമിടാന്‍ കൂടി വേണ്ടിയാണ് യു.എസ്. ഇവിടെ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ വിന്യസിച്ചിരുന്നത്.