ഒമാന്‍: ഹുര്‍മുസ് കടലിടുക്കിന് സമീപം വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെടുകയും ചീഫ് എഞ്ചിനീയറെ കാണാതാവുകയും ചെയ്തതായി ഫോര്‍വേഡ് സീമെന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ അറിയിച്ചു. ഒമാന്‍ തീരത്ത് ആക്രമിക്കപ്പെട്ട 'എം.ടി സെറ്റെബെല്ലോ' കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യന്‍ ജീവനക്കാരില്‍ 21 പേരെ രക്ഷപ്പെടുത്തിയതായും മൂന്ന് ഇന്ത്യക്കാരെ കാണാതായതായും വിദേശകാര്യ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവരങ്ങള്‍ പുറത്തുവരുന്നത്. കാണാതായവര്‍ക്കായുള്ള തിരച്ചിലും രക്ഷാപ്രവര്‍ത്തനവും ഒമാന്‍ അധികൃതരുമായി ഏകോപിപ്പിച്ച് തുടരുകയാണ്. പലാവു പതാകയേന്തിയ എം.ടി സെറ്റെബെല്ലോ എന്ന കപ്പല്‍ ഒമാന്‍ ഉള്‍ക്കടലിലൂടെ കടന്നുപോകുന്നതിനിടയിലാണ് ആക്രമിക്കപ്പെട്ടത്. ഈ കപ്പലില്‍ 24 ഇന്ത്യന്‍ ജീവനക്കാരാണ് ഉണ്ടായിരുന്നത്. യു.എസ് സൈന്യം നേരത്തെ ലക്ഷ്യമിട്ട മറ്റൊരു കപ്പലില്‍ നിന്ന് വ്യത്യസ്തമായി, സെറ്റെബെല്ലോ അമേരിക്കയുടെ ഉപരോധ ബ്ലാക്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കപ്പലുമായുള്ള ആശയവിനിമയ ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ടിരിക്കുകയാണെന്നും അതിനാല്‍ വിവരങ്ങള്‍ സ്വതന്ത്രമായി പരിശോധിക്കുന്നത് ബുദ്ധിമുട്ടാണെന്നും എഫ്.എസ്.യു.ഐ ജനറല്‍ സെക്രട്ടറി മനോജ് യാദവ് പറഞ്ഞു.'ഞങ്ങള്‍ക്ക് കപ്പലുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങള്‍ അനുസരിച്ച് മൂന്ന് പേര്‍ മരണപ്പെട്ടു, ചീഫ് എഞ്ചിനീയറെ ഇപ്പോഴും കാണാതായതായാണ് റിപ്പോര്‍ട്ട്,' യാദവ് എ.എന്‍.ഐയോട് വ്യക്തമാക്കി. അപകടത്തില്‍പ്പെട്ട മൂന്ന് നാവികരും ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശിലെ ഡിയോറിയ, ആന്ധ്രാപ്രദേശ് എന്നിവടങ്ങളില്‍ നിന്നുള്ളവരാണെന്ന് യാദവ് വ്യക്തമാക്കി.