250 രൂപ കടന്ന് റബര്‍ വില

കോട്ടയം: റബര്‍ വില 250 രൂപ കടന്ന് സര്‍വകാല റെക്കോര്‍ഡില്‍. ആഭ്യന്തര മാര്‍ക്കറ്റില്‍ ആര്‍എസ്എസ് 4ന് കിലോയ്ക്ക് 255 രൂപ നിരക്കില്‍ വ്യാപാരം നടന്നു. കഴിഞ്ഞ ജൂണ്‍ പത്തിനാണ് റബര്‍ വില 200 രൂപ കടന്നത്. 2011 ഏപ്രിലിലാണ് ഇതിന് മുമ്പ് വില ഏറ്റവും കൂടുതല്‍ ഉയര്‍ന്നത്. 243 രൂപയായിരുന്നു അന്ന് ആഭ്യന്തര വിപണിയിലെ വില. ഇന്നലെ കോട്ടയം, കൊച്ചി മാര്‍ക്കറ്റില്‍ റബര്‍ ബോര്‍ഡ് വില 247 രൂപയായിരുന്നു. റബര്‍ വില ഉയര്‍ന്നത് കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. സമീപകാലത്ത് റബ്ബര്‍ വിലയില്‍ വലിയ മുന്നേറ്റമാണ് രേഖപ്പെടുത്തുന്നത്. അന്താരാഷ്ട്രവിലയേക്കാള്‍ 44 രൂപയുടെ വ്യത്യാസമാണ് ഇന്ത്യന്‍ വിപണിയിലുള്ളത്. ജൂണ്‍ പകുതിയോടെ തന്നെ റബ്ബര്‍ വിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ജൂണ്‍ 30ന് കോട്ടയത്ത് കിലോയ്ക്ക് 205 രൂപയിലാണ് വ്യാപാരം നടന്നത്.