വാഷിങ്ടന്‍: രാജ്യാന്തര ബഹിരാകാശ നിലയത്തിന് (ഐഎസ്എസ്) സമീപത്തുള്ള ഭ്രമണപഥത്തില്‍ ഉപേക്ഷിക്കപ്പെട്ട റഷ്യന്‍ ഉപഗ്രഹം പൊട്ടിത്തെറിച്ചു. ദൗത്യത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട റിസോഴ്സ്പി1 എന്ന ഉപഗ്രഹമാണ് നൂറിലേറെ കഷ്ണങ്ങളായി പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിക്ക് പിന്നാലെ, നിലയത്തിലെ യുഎസ് ഗഗനചാരികള്‍ ഒരു മണിക്കൂറോളം പേടകത്തില്‍ അഭയം തേടിയെന്ന് നാസ അറിയിച്ചു. പൊട്ടിത്തെറിച്ച റഷ്യന്‍ ഭൂനിരീക്ഷണ ഉപഗ്രഹം 2022 ലാണ് ഡീ കമ്മിഷന്‍ ചെയ്തത്.
ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലര്‍ച്ചെയുമായി ഉപഗ്രഹത്തില്‍നിന്ന് അവശിഷ്ടങ്ങള്‍ പുറത്തേക്കു വരുന്നതിന്‍റെ ദൃശ്യങ്ങള്‍ യുഎസ് റഡാറുകളില്‍ പതിഞ്ഞിരുന്നു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ല. അതേസമയം, രാജ്യാന്തര ബഹിരാകാശ നിലയം കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ നിര്‍വീര്യമാക്കി തകര്‍ക്കേണ്ട ചുമതല ഇലോണ്‍ മസ്ക്കിന്‍റെ സ്പേസ് എക്സ് കമ്പനിക്ക് കരാര്‍ നല്‍കി നാസ. 430 ടണ്ണോളം ഭാരം വരുന്ന നിലയത്തെ പസിഫിക് സമുദ്രത്തിലേക്കു വീഴ്ത്താനുള്ള പേടകം നിര്‍മ്മിച്ചായിരിക്കും ഐഎസ്എസ് തകര്‍ക്കുക. അടുത്ത പതിറ്റാണ്ടിന്‍റെ ആദ്യമാണ് ഇതു വേണ്ടിവരിക. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചുവരുമ്പോള്‍ വലിയൊരു പങ്കും കത്തിയമരുമെങ്കിലും ബാക്കിസമുദ്രത്തില്‍ വീഴ്ത്തും. അതേസമയം, രാജ്യാന്തര നിലയത്തിലേക്കുപോയ സുനിത വില്യംസിന്‍റെയും ബച്ച് വില്‍മോറിന്‍റെയും മടക്കയാത്രയുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.