മോസ്ക്കോ: തൊഴില്‍തട്ടിപ്പിന് ഇരയായി റഷ്യന്‍ യുദ്ധമുന്നണിയില്‍ സേവനം ചെയ്യാന്‍ വിധിക്കപ്പെട്ട ഇന്ത്യാക്കാര്‍ക്ക് മോചനത്തിന് അവസരം തുറക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റഷ്യന്‍ സന്ദര്‍ശനത്തില്‍ പ്രസിഡന്‍റ് വ്ളാഡിമര്‍ പുടിനുമായുള്ള നയതന്ത്ര ചര്‍ച്ചകളിലാണ് റഷ്യയില്‍ കുടുങ്ങിപ്പോയ ഇന്ത്യാക്കാരെ മോചിപ്പിക്കാന്‍ വേണ്ടതു ചെയ്യാമെന്ന് പുടിന്‍ നരേന്ദ്രമോദിക്ക് ഉറപ്പ് നല്‍കിയിരിക്കുകയാണ്. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത് ഇന്നലെ മോസ്ക്കോയിലെ പ്രസിഡന്‍റിന്‍റെ ഔദ്യോഗിക വസതിയില്‍ ആയിരുന്നു. പരസ്പരം ആശംസകള്‍ അര്‍പ്പിച്ചതിന് പിന്നാലെ ഇരുവരും വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. നേരത്തേ പാര്‍ലമെന്‍റില്‍ റഷ്യയില്‍ കുടുങ്ങിയ ഇന്ത്യാക്കാരുടെ വിഷയം പ്രതിപക്ഷം വലിയ ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. ഇക്കാര്യത്തില്‍ ഇന്ത്യന്‍സര്‍ക്കര്‍ നിലപാട് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ഗൗരവമുള്ള വിഷയമാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് ജയ് റാം രമേശ് പാര്‍ലമെന്‍റില്‍ പറഞ്ഞത്.
ഇതിന് മോസ്കോയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിരുന്നു എന്നും 50 ഇന്ത്യക്കാര്‍ റഷ്യന്‍ സൈനത്തില്‍ ഉണ്ടെന്നുമായിരുന്നു ഇതിന് കിട്ടിയ മറുപടിയെന്നും ഇവരെ റഷ്യന്‍ സൈന്യം പട്ടിക ചെയ്തിട്ടുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രി നല്‍കിയ മറുപടി. യുദ്ധത്തിനിടയില്‍ പെട്ട് രണ്ടുപേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തതായും പറഞ്ഞു. വീട്ടിലെ ദുരിതവും പട്ടിണിയും ജീവിതസാഹചര്യങ്ങളും മൂലവും തൊഴിലില്ലാത്ത സാഹചര്യത്തിലും അനേകം ഇന്ത്യാക്കാരാണ് തൊഴില്‍ തട്ടിപ്പിന് ഇരയായി റഷ്യന്‍ സൈന്യത്തിനൊപ്പം യുദ്ധമുഖത്ത് എത്തിയിരിക്കുന്നത്. ഈ യുവാക്കളുടെ വിധിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമോ അവരെ സുരക്ഷിതമായി ഇന്ത്യയില്‍ എത്തുന്ന കാര്യത്തില്‍ ഉറപ്പു നല്‍കുമോ? എന്നും ജയറാം രമേശ് ചോദിച്ചിരുന്നു.