ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24 മുതല്‍ ജൂലൈ മൂന്ന് വരെ

ദില്ലി: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 24 മുതല്‍ ജൂലൈ മൂന്ന് വരെ നടക്കും. രാജ്യസഭ സമ്മേളനം ജൂണ്‍ 27 മുതല്‍ ജൂലൈ 3 വരെ നടക്കും. മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെയാണ് ലോക്സഭയുടെ ആദ്യ സമ്മേളനം വിളിച്ചത്. സമ്മേളനത്തില്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കര്‍ തെരഞ്ഞെടുപ്പ് എന്നിവ നടക്കും. ജൂണ്‍ 24 ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പാര്‍ലമെന്‍റിനെ അഭിസംബോധന ചെയ്യും.

അതിനിടെ മന്ത്രി പദവികളിലേക്ക് സത്യപ്രതിജ്ഞ ചെയ്തവര്‍ ഓഫീസുകളിലെത്തി അധികാരമേറ്റെടുത്തു. ഇന്ന് നിര്‍മല സീതാരാമന്‍ ധനകാര്യ മന്ത്രിയായും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായി നിതിന്‍ ഗഡ്കരിയും ചുമതലയേറ്റു. ഉപരിതല ഗതാഗത വകുപ്പിന്‍റെ ചുമതല തന്നെ വീണ്ടും നല്‍കിയതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയെന്ന് നിതിന്‍ ഗഡ്കരി അറിയിച്ചു.