ടിബറ്റില്‍ വന്‍ഭൂചലനം: 95 മരണം, ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു

കാഠ്മണ്ഠു: നേപ്പാളിനെ പിടിച്ചു കുലുക്കിയ ഭൂചലനത്തില്‍ മരണം 95 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു മണിക്കൂറിനിടെ ആറ് തുടര്‍ചലനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. നേപ്പാള്‍ ടിബറ്റ് അതിര്‍ത്തിയില്‍ 7.1 തീവ്രതയുള്ള ഭൂചലനമാണ് റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. ഭൂചലനത്തിന്‍റെ തീവ്രത വ്യക്തമാകുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു.

നേപ്പാളിലെ നോബുഷെയില്‍ നിന്ന് 93 കിലോമീറ്റര്‍ വടക്ക് കിഴക്കാണ് ഭൂചലനമുണ്ടായത്. ഷിഗാറ്റ്സെ നഗരത്തിലെ ടിന്‍ഗ്രി കൗണ്ടിയിലാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ടിബറ്റിന്‍റെ തലസ്ഥാനമായ ലാസയില്‍ നിന്ന് 400 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി നേപ്പാളിന്‍റെ അതിര്‍ത്തിയിലാണ് ടിംഗ്രി. എവറസ്റ്റ് കൊടുമുടി സന്ദര്‍ശിക്കുന്നവരുടെ ഒരു ടൂറിസം കേന്ദ്രമാണിത്. രാവിലെ 6:35 നാണ് ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തിന്‍റെ ആഘാതം വിലയിരുത്താന്‍ നേപ്പാളിലെയും ഇന്ത്യയിലെയും എമര്‍ജന്‍സി റെസ്പോണ്‍സ് ടീമുകള്‍ അതീവ ജാഗ്രതയിലാണ്. ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.

ഭൂചലനത്തില്‍ കാഠ്മണ്ഡുവിലടക്കം പ്രകമ്പനമുണ്ടായി. ബിഹാര്‍, അസം, പശ്ചിമ ബംഗാള്‍,ഡല്‍ഹി എന്നിവയുള്‍പ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനത്തിന്‍റെ പ്രകമ്പനം അനുഭവപ്പെട്ടു.എന്നാല്‍ ഇന്ത്യയില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭൂമിശാസ്ത്രപരമായി ഭൂകമ്പ സാധ്യതാ പ്രദേശത്താണു നേപ്പാള്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ ഭൂചലനങ്ങള്‍ പതിവാണ്.ഇനിയും തുടര്‍ചലനങ്ങള്‍ സംഭവിക്കാമെന്നതിനാല്‍ മേഖലകളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. 2015-ല്‍ നേപ്പാളില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 9,000-ത്തോളം ആളുകള്‍ മരിക്കുകയും 22,000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.10 ലക്ഷം കെട്ടിടങ്ങള്‍ക്കു നാശനഷ്ടവും സംഭവിച്ചിരുന്നു.