തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് എട്ടുപേര്‍ മരിച്ചു

ചണ്ഡീഗഡ്: ഹരിയാനയില്‍ തീര്‍ഥാടക സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ച് എട്ട് പേര്‍ വെന്തുമരിച്ചു. ഹരിയാനയിലെ കുണ്ഡലി-മനേസര്‍-പല്‍വാല്‍ എക്സ്പ്രസ് വേയില്‍ ഇന്ന് പുലര്‍ച്ചെ 1.30ഓടെയാണ് ദാരുണ അപകടം സംഭവിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശിലെ മഥുരയിലും മറ്റ് തീര്‍ഥാടന കേന്ദ്രങ്ങളിലും സന്ദര്‍ശനം നടത്തി മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. പഞ്ചാബ് സ്വദേശികളായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 60 ഓളം പേരാണ് ബസിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ 1.30ഓടെ ബസിന്‍റെ പിന്‍ഭാഗത്ത് നിന്നും തീ പടര്‍ന്നാണ് അപകടം സംഭവിച്ചത്. ബസിന്‍റെ പിന്‍ഭാഗത്ത് പുകയും തീയും ശ്രദ്ധയില്‍പ്പെട്ട ഒരു ബൈക്ക് യാത്രികനാണ് വിവരം ബസിലുള്ളവരെ അറിയിച്ചത്. ബസ് നിര്‍ത്തി ആളുകളെ ഇറക്കുമ്പോഴേക്കും തീ പടര്‍ന്ന് പിടിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. 10 ദിവസത്തെ തീര്‍ഥാടന യാത്രയുടെ അവസാന ദിവസമാണ് അപകടം സംഭവിച്ചത്. തങ്ങള്‍ വാടകയ്ക്ക് എടുത്ത ബസാണ് അപകത്തില്‍പ്പെട്ടതെന്നും യുപിയിലെ തീര്‍ഥാടന കേന്ദ്രങ്ങളിലെ സന്ദര്‍ശനം കഴിഞ്ഞ് ഇന്നലെ രാത്രിയോടെയാണ് ഉത്തര്‍പ്രദേശില്‍ നിന്നും നാട്ടിലേക്ക് യാത്ര തിരിച്ചതെന്നും അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ പറഞ്ഞു.

ബസിന് തീപിടിച്ചത് കണ്ട് നാട്ടുകാര്‍ ഓടിയെത്തി യാത്രികരെ ഇറക്കിയെങ്കിലും 8 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇവര്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ബസ് നിര്‍ത്തിയ ശേഷം നാട്ടുകാര്‍ പോലീസിലും ഫയര്‍ഫോഴ്സിലും വിവരമറിയിക്കുകയും തീ അണയ്ക്കാനും ആളുകളെ രക്ഷിക്കാനും ശ്രമിച്ചു. അതേസമയം ബസ് പൂര്‍ണമായും കത്തിനശിച്ചതിന് ശേഷം മൂന്ന് മണിക്കൂറിന് ശേഷമാണ് ഫയര്‍ഫോഴ് സ് എത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ബസിന്‍റെ ചില്ല് തകര്‍ത്താണ് പലരേയും പുറത്തെത്തിച്ചത്.