പ്രധാനമന്ത്രിയുടെ വിദ്വേഷപ്രസംഗം: സി.പി.എം സുപ്രീം കോടതിയില്‍ ഉന്നയിക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞദിവസത്തെ വിദ്വേഷപ്രസംഗം സുപ്രീം കോടതിയില്‍ ഉന്നയിക്കാന്‍ സി.പി.എം. വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരായ കേസ് പരിഗണിക്കുമ്പോള്‍ സി.പി.എമ്മിന്‍റെ മുതിര്‍ന്ന നേതാവ് വൃന്ദ കാരാട്ടിന്‍റെ അഭിഭാഷകന്‍ വിഷയം കോടതിയില്‍ ഉന്നയിക്കും.

വിദ്വേഷപ്രസംഗ വിഷയം പ്രതിപക്ഷകക്ഷികള്‍ തിരഞ്ഞെടുപ്പു കമ്മിഷന് മുമ്പാകെ ഉന്നയിച്ചിരുന്നെങ്കിലും നടപടികള്‍ കൈക്കൊണ്ടിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് സി.പി.എം. നീക്കം. വിഷയം കോടതിയില്‍ ഇന്ന് ഉന്നയിക്കാനാണ് വൃന്ദയുടെ അഭിഭാഷകന്‍ തീരുമാനിച്ചിരിക്കുന്നത്.

ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ചില്‍രാജ്യത്തെ വിദ്വേഷപ്രസംഗങ്ങളുമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ ഹര്‍ജികളില്‍ ഒന്ന് വൃന്ദ കാരാട്ടിന്‍റേതാണ്. വിദ്വേഷ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട കേസില്‍ വൃന്ദ കക്ഷിയുമാണ്. ഇവരുടെ ഹര്‍ജി ഉള്‍പ്പെടെയുള്ള കേസുകളാണ് ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയ്ക്കായി വരുന്നത്. ഈ ഹര്‍ജി പരിഗണിക്കുമ്പോഴാണ് പ്രധാനമന്ത്രി കഴിഞ്ഞദിവസം രാജസ്ഥാനില്‍ മുസ്ലിം മതവിഭാഗത്തിനെതിരേ നടത്തിയ പരാമര്‍ശം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുക. പ്രധാനമന്ത്രിക്കെതിരേ നടപടി വേണമെന്ന ആവശ്യവും ഉന്നയിക്കും.

വിദ്വേഷപ്രസംഗവിഷയത്തില്‍ മോദിക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹിയിലെ മന്ദിര്‍മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ വൃന്ദ പരാതി നല്‍കിയിരുന്നു. എന്നാല്‍ ആ പരാതി സ്വീകരിക്കാന്‍ പോലീസ് തയ്യാറായില്ല. സുപ്രീം കോടതി വിധിയുടെ ലംഘനമാണ് പോലീസ് സ്റ്റേഷനില്‍നിന്നുണ്ടായതെന്നും വൃന്ദയുടെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാണിക്കും. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് പ്രധാനമന്ത്രിക്കെതിരേ കോടതി തന്നെ നേരിട്ട് നടപടി സ്വീകരിക്കണമെന്നും വൃന്ദയുടെ അഭിഭാഷകര്‍ ആവശ്യപ്പെടും.