കൊല്ലം: മലയാള ചലച്ചിത്ര നടന്‍ ടി പി മാധവന്‍ അന്തരിച്ചു. 89 വയസായിരുന്നു. കൊല്ലത്തെ എന്‍.എസ് സഹകരണ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ഉദര സംബന്ധമായ അസുഖത്തെ തുടര്‍ത്ത് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. പിന്നാലെ ആരോഗ്യനില മോശമാകുരയും തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
മലയാള സിനിമയുടെ താരസംഘടനയായ 'അമ്മ'യുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു ടി പി മാധവന്‍. കഴിഞ്ഞ എട്ട് വര്‍ഷമായി പത്തനാപുരത്തെ ഗാന്ധി ഭവനില്‍ ആയിരുന്നു ടി പി മാധവന്‍ താമസിച്ചിരുന്നത്. ഇവിടെ വച്ചായിരുന്നു ആരോഗ്യനില മോശമാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹരിദ്വാറിലേക്കുള്ള യാത്രയ്ക്കിടെ ആയിരുന്നു ടി പി മാധവന് ആരോഗ്യപ്രശ്നമുണ്ടാകുന്നത്. കുടുംബവുമായി അകന്ന് തിരുവനന്തപുരത്തെ ഒരു ലോഡ്ജില്‍ താമസിക്കുന്നതിനിടെ, സുഹൃത്തുക്കള്‍ ചേര്‍ന്ന് ആദ്ദേഹത്തെ ഗാന്ധിഭവനില്‍ കൊണ്ടാക്കുക ആയിരുന്നു. കേരള സര്‍വകലാശാല ഡീനും സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമിതി അധ്യക്ഷനുമായിരുന്ന ഡോ. എന്‍.പി. പിള്ളയുടെ മകനായ മാധവന്‍ 1935 നവംബര്‍ 7ന് തിരുവനന്തപുരം വഴുതക്കാടാണ് ജനിച്ചത്. ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം പത്രപ്രവര്‍ത്തകനായിട്ടായിരുന്നു കരിയര്‍ തുടങ്ങിയത്. നടന്‍ മധുവുമായുള്ള സൗഹൃദം നാടകത്തിലേക്കും സിനിമയിലേക്കും മാധവനെ എത്തിക്കുക്ക ആയിരുന്നു. നാല്പതാമത്തെ വയസില്‍ ആയിരുന്നു അദ്ദേഹം സിനിമയില്‍ തുടക്കം കുറിക്കുന്നത്.
1975ല്‍ കാമം ക്രോധം മോഹം എന്ന ചിത്രത്തിലൂടെയാണ് ടി പി മാധവന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ശേഷം രാഗം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായി. ശേഷം മക്കള്‍, അഗ്നിപുഷ്പം, പ്രിയംവദ, തീക്കനല്‍, മോഹിനിയാട്ടം, സീമന്തപുത്രന്‍, ശങ്കരാചാര്യര്‍, കാഞ്ചനസീത സന്ദേശം, വിയറ്റ്നാം കോളനി, പപ്പയുടെ സ്വന്തം അപ്പൂസ്, കല്യാണരാമന്‍, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, താണ്ഡവം, നരസിംഹം, വിയറ്റ്നാം കോളനി തുടങ്ങി അറുന്നൂറോളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. നിരവധി സീരിയലുകളിലും ടി പി മാധവന്‍ അഭിനയിച്ചിരുന്നു. ഭാര്യ സുധ, മക്കള്‍: ദേവിക, രാജകൃഷ്ണ മേനോന്‍ (എയര്‍ ലിഫ്റ്റ്, ഷെഫ്, പിപ്പ, ബരാഹ് ആന, ബാസ് യുന്‍ ഹായ് എന്നീ ഹിന്ദി ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത ചെയ്ത ബോളിവുഡ് സംവിധായകനാണ് രാജകൃഷ്ണമേനോന്‍). ടി.പി. മാധവന്‍ സിനിമയില്‍ സജീവമായതോടെ ഭാര്യയുമായി വിവാഹമോചനം നേടി. ഡോ. രാംനായര്‍ (യു.എസ്.എ.), ഇന്ദിര നായര്‍, കല്യാണി ഉണ്ണിത്താന്‍ (യു.എസ്.എ) ചന്ദ്രിക നായര്‍ (പൂനെ) ഉണ്ണി തിരുക്കോട് എന്നിവര്‍ സഹോദരങ്ങളാണ്.
രണ്ട് പ്രധാന ആഗ്രഹങ്ങള്‍ ബാക്കിയാക്കിയാണ് ടി.പി. മാധവന്‍ യാത്രയായത്. മകനെ ഒന്നു കാണണമെന്നതായിരുന്നു ആദ്യത്തേത്. മോഹന്‍ലാലിനെ കാണണമെന്നതായിരുന്നു മറ്റൊന്ന്. ഈ ആഗ്രഹം പലപ്പോഴും പറയുകയും ഗാന്ധിഭവന്‍ അധികൃതര്‍ അതിനായി ശ്രമിക്കുകയും ചെയ്തെങ്കിലും അത് സാദ്ധ്യമായില്ല. ടി.പി. മാധവന്‍റെ മൃതദേഹം നിലവില്‍ കൊല്ലം എന്‍.എസ്. ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. നാളെ രാവിലെ 9 മണി മുതല്‍ 1 മണി വരെ പത്തനാപുരം ഗാന്ധിഭവനില്‍ പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ സംസ്കാരം.