എസ്എഫ്ഐയുടെ റാഗിങ് പരമ്പര; സിപിഎമ്മിന് കടുത്ത അതൃപ്തി

തിരുവനന്തപുരം: കാര്യവട്ടം ഗവണ്‍മെന്‍റ് കോളജില്‍ നടന്ന റാഗിങ്ങിലും എസ്.എഫ്.ഐ പ്രതിക്കൂട്ടില്‍. സി.പി. എം സംസ്ഥാന നേതൃത്വം ഇതു ഗൗരവത്തിലെടുക്കും. ഇത്തരം പരാതികള്‍ പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നാണ് സി.പി.എമ്മിന്‍റെ വിലയിരുത്തല്‍. ഇങ്ങനെയുള്ള പരാതികള്‍ ഉണ്ടാകാതിരിക്കാനുള്ള കരുതലെടുക്കാന്‍ എസ്.എഫ്.ഐയ്ക്ക് സി.പി.എം വീണ്ടും നിര്‍ദ്ദേശം നല്‍കും.

കാര്യവട്ടം കോളജിലെ ബയോ ടെക്നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ബിന്‍സ് ജോസാണ് പ്രിന്‍സിപ്പലിനും കഴക്കൂട്ടം പോലീസിലും റാഗിങ് സംബന്ധിച്ച പരാതി നല്‍കിയത്. തുടര്‍ന്ന് അന്വേഷണം നടത്തിയ ആന്‍റി റാഗിങ് കമ്മിറ്റി റാഗിങ് നടന്നതായി സ്ഥിരീകരിച്ചു. മൂന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികളായ ഏഴു പേര്‍ക്കെതിരേയാണ് പരാതി. പൂക്കോട്ടെ സിദ്ധാര്‍ത്ഥന്‍റെ മരണമുണ്ടാക്കിയ വിവാദത്തിനുശേഷം കരുതല്‍ വേണമെന്ന് എസ്.എഫ്.ഐയോട് സി.പി.എം ആവശ്യപ്പെട്ടിരുന്നു. അടുത്തിടെ കോട്ടയം നഴ്സിങ് കോളജിലുണ്ടായ റാഗിങ്ങിലും സി.പി.എം അനുകൂല വിദ്യാര്‍ഥി സംഘടനാ നേതാക്കളായിരുന്നു ഉള്‍പ്പെട്ടിരുന്നത്. ഇതിന് പിന്നാലെയാണ് എസ്.എഫ്.ഐയുടെ കോട്ടയെന്ന് വിലയിരുത്തപ്പെടുന്ന കാര്യവട്ടത്തെ റാഗിങ്. സീനിയര്‍ വിദ്യാര്‍ഥികള്‍ മുറിയില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് വിദ്യാര്‍ഥിയുടെ പരാതി. എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചത്. കാല്‍മുട്ടില്‍ നിലത്ത് നിര്‍ത്തിയായിരുന്നു മര്‍ദ്ദനം. അലന്‍, വേലു, സല്‍മാന്‍, അനന്തന്‍ പ്രാര്‍ത്ഥന്‍, പ്രിന്‍സ് എന്നിവര്‍ അടക്കമുള്ളവരാണ് മര്‍ദ്ദിച്ചത്. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ തുപ്പിയ വെള്ളം തന്നു. ഷര്‍ട്ട് വലിച്ചുകീറി. പരാതി നല്‍കിയാല്‍ ഇനിയും അടിക്കുമെന്ന് ഭീഷണിപ്പെടുത്തി. യൂണിയന്‍ ഓഫീസില്‍ വെച്ചായിരുന്നു ഭീഷണി. പോലീസില്‍ പരാതി നല്‍കരുതെന്ന് ഭീഷണിപ്പെടുത്തി അഭിഷേക് എന്ന വിദ്യാര്‍ഥിയെയും മര്‍ദ്ദിച്ചു. ഒരു മണിക്കൂറോളം പീഡനം തുടര്‍ന്നു- പരാതിയില്‍ പറയുന്നു.