കൊച്ചി: മലയാളത്തിന്‍റെ ഭാവ ഗായകന്‍ പി ജയചന്ദ്രന് വിട നല്‍കി കേരളം. ചേന്ദമംഗലം പാലിയത്തെ വീട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ പേറുന്ന പാലിയം തറവാട് പി ജയചന്ദ്രന് ഏറെ പ്രിയപ്പെട്ട ഇടമായിരുന്നു. ജയചന്ദ്രനിലെ പാട്ടുകാരനെ ഉണര്‍ത്തിയ പാലിയത്തെ മണ്ണിലാണ് ഇനി നിത്യ ഹരിത ഗായകന്‍റെ അന്ത്യ വിശ്രമം. സിനിമാ രാഷ്ട്രീയ സാംസ്കാരിക മേഖലകളില്‍ നിന്നായി നൂറ് കണക്കിന് സംഗീതപ്രേമികളാണ് പി ജയചന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്.
സംഗീതപ്രേമികളാണ് പി ജയചന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയത്. ചരിത്രം ഉറങ്ങുന്ന പറവൂര്‍ ചേന്ദമംഗലത്തെ പാലിയം തറവാട്... കോവിലകവും കുടുംബ വീടുകളും നാലുകെട്ടും കുളങ്ങളും ഊട്ടുപുരയും ക്ഷേത്രങ്ങളും ഉള്ള അവിടുത്കെ മണ്ണില്‍ നിന്നാണ് ജയചന്ദ്രന്‍ ജീവിതത്തിലേക്കും സംഗീതത്തിലേക്കും പിച്ച വച്ച് തുടങ്ങിയത്. പാലിയം വക ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലും ചെണ്ട വാദ്യത്തിലും തായമ്പകയിലും കമ്പം തോന്നിയ കുട്ടി ആഗ്രഹിച്ചത് വലിയ മേളക്കാരനാകാന്‍ ആയിരുന്നു. ജയചന്ദ്രന്‍ ഒരിക്കല്‍ പറഞ്ഞത് പോലെ ഉള്ളില്‍ ഒരു റിതം രൂപപ്പെടുത്തിയത് ചേന്ദമംഗലം എന്ന നാടാണ്. ഗായകന്‍ ആയ ശേഷം വരവ് വിശേഷ അവസരങ്ങളില്‍ മാത്രം ആയി ചുരുങ്ങിയെങ്കിലും വന്നാല്‍ പിന്നെ പാട്ടും വര്‍ത്തമാനങ്ങളുമായി തനി പാലിയംകാരനാകും ജയചന്ദ്രന്‍.
പാലിയത്ത് അവസാനം എത്തിയപ്പോഴാണ് ആ മണ്ണില്‍ തന്നെ ഉറങ്ങണമെന്ന ആഗ്രഹം ജയചന്ദ്രന്‍ ബന്ധുക്കളോട് രഹസ്യമായി പറഞ്ഞത്. യാത്ര പറയാന്‍ പാലിയത്തുകാരുടെ ജയന്‍ കുട്ടന്‍ ഇനി ഇല്ല. എണ്ണമറ്റ ഭാവ ഗാനങ്ങള്‍ ആസ്വാദകര്‍ക്ക് കൈ മാറി ഓര്‍മകളുടെ ചിറകിലേറിയാണ് ജയചന്ദ്രന്‍റെ അന്ത്യ യാത്ര.