കൂടുതല്‍ ചോദ്യം ചെയ്യാന്‍ ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡിലായ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ കോടതി ഇന്ന് വൈകിട്ട് അഞ്ച് മണിവരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. വൈകിട്ട് അഞ്ച് മണിക്ക് ദിവ്യയെ തിരികെ കോടതിയില്‍ ഹാജരാക്കണമെന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. രണ്ട് ദിവസത്തേക്കാണ് ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ആദ്യ ദിവസം അറസ്റ്റിലായപ്പോള്‍ തന്നെ ചോദ്യം ചെയ്തതിനാല്‍ ഇനിയും കൂടുതല്‍ സമയം ആവശ്യമാണോയെന്ന് കോടതി ചോദിച്ചു. അതിനിടെ ദിവ്യയുടെ ജാമ്യ ഹര്‍ജി ഇന്ന് തലശേരി കോടതി പരിഗണിക്കും. ഹര്‍ജിയില്‍ നവീന്‍ ബാബുവിന്‍റെ ഭാര്യ മഞ്ജുഷ കക്ഷി ചേരും. കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് കഴിഞ്ഞദിവസം ദിവ്യ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ദിവ്യ പള്ളിക്കുന്ന് വനിതാ ജയിലിലാണ് കഴിഞ്ഞിരുന്നത്. കെ.വിശ്വനാണ് ദിവ്യയ്ക്ക് വേണ്ടി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്.

സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്. അതേസമയം നവീനെതിരായി ദിവ്യ നടത്തിയത് ആസൂത്രിതമായ നീക്കമായിരുന്നുവെന്നും ഇത് ദിവ്യയുടെ ക്രിമിനല്‍ മനോഭാവം വെളിവാക്കുന്ന പ്രവൃത്തിയാണെന്നുമാണ് ദിവ്യയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. പി പി ദിവ്യ ഉന്നത നേതാവായതിനാല്‍ തന്നെ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ടെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. സാക്ഷികള്‍ പ്രതിയെ ഭയക്കുന്നുണ്ട്. ദിവ്യയ്ക്കെതിരെ നിലവില്‍ അഞ്ച് കേസുകളുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.