എറണാകുളം: ഈ അദ്ധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാകുന്നു. ഇതുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കുള്ള പരിശീലനം അടക്കം എല്ലാ നടപടികളും പൂര്‍ത്തിയായതായി കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ മെമ്പര്‍ വ്യക്തമാക്കി. കൗമാര ഗര്‍ഭധാരണം വര്‍ധിച്ചുവന്ന പശ്ചാത്തലത്തിലാണ് ലൈംഗിക വിദ്യാഭ്യാസത്തിനുള്ള നടപടികള്‍ ഹൈക്കോടതി ഉറപ്പാക്കിയത്.
ഈ അടുത്തിടെ കൊച്ചിയില്‍ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തി മൃതദേഹം പൊതിക്കെട്ടായി വലിച്ചെറിഞ്ഞ അമ്മയുടെ പ്രായം 23 ആണ്. എങ്കിലും ഈ കേസടക്കം ലൈംഗിക വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തുന്ന സംഭവങ്ങള്‍ നിരവധിയാണ്. ശരിയായ സമയത്ത് ശരിയായ ലൈംഗിക വിദ്യാഭ്യാസം ലഭ്യമാക്കുകയാണെങ്കില്‍ ഇത്തരം ദാരുണസംഭവങ്ങളുണ്ടാകാതെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. 14 വയസിന് താഴെയുള്ള ഇരുപത് പെണ്‍കുട്ടികളാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഗര്‍ഭഛിദ്രത്തിനുള്ള അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. ഈ കണക്കും കൗമാരകാലത്ത് തന്നെ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നതിന്‍റെപ്രാധാന്യം വിളിച്ചറിയിക്കുന്നതാണ്. ലൈംഗിക അതിക്രമം വരുത്തിയ ആഘാതത്തില്‍ ആറ് മാസം വരെ ആരോടും മിണ്ടാതിരുന്നവര്‍, അമ്മയെ സങ്കടപ്പെടുത്താനാകില്ലെന്ന് പറഞ്ഞവര്‍, കുഞ്ഞുശരീരത്തിലെ മാറ്റം തിരിച്ചറിയാതെ പോയ പത്ത് വയസ്സുകാരി വരെയുണ്ട് ഇത്തരത്തലുള്ള കേസുകളില്‍ ഇരപ്പട്ടികയില്‍. മിക്ക കേസുകളിലും സ്വന്തം അച്ഛനോ, രണ്ടാനച്ഛനോ, അച്ഛന്‍റെ സുഹൃത്തുക്കളോ എല്ലാമാണ് പ്രതികള്‍.
ഇളംമനസ്സിന്‍റെ അറിവിലായ്മ ഉറ്റവര്‍ തന്നെ ചൂഷണം ചെയ്ത സംഭവങ്ങള്‍. ഇത് അവസാനിപ്പിക്കുന്നതിന് ലൈംഗിക വിദ്യാഭ്യാസത്തിനുള്ള പ്രസക്തി ഹൈക്കോടതി ചൂണ്ടിക്കാട്ടിയതോടെയാണ് കെല്‍സയുടെ ഇടപെടല്‍. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി വഴി അധ്യാപകര്‍ക്ക് പരിശീലനം നല്‍കി. കുട്ടികളുടെ പ്രായം അനുസരിച്ചാണ് പാഠഭാഗങ്ങള്‍. ഹോര്‍മോണ്‍ മാറ്റങ്ങള്‍, ഗര്‍ഭധാരണം എപ്പോള്‍, എങ്ങനെ തുടങ്ങി ലൈംഗിക അതിക്രമം നേരിട്ടാല്‍ എന്ത് ചെയ്യണം എന്നതും പഠനത്തിന്‍റെ ഭാഗമായി കുട്ടികള്‍ മനസിലാക്കും. കൊവിഡില്‍ ഓണ്‍ലൈന്‍ ക്ലാസ് രീതിയിലേക്ക് മാറിയതോടെ അടിമുടി മാറ്റത്തിന് വിധേയരായ പുതിയ വിദ്യാര്‍ത്ഥി സമൂഹത്തിനൊപ്പമെത്താന്‍ ലൈംഗിക വിദ്യാഭ്യാസം കൂടിയേ തീരു എന്ന തിരിച്ചറിവിലാണ് നേരത്തെ വിവാദങ്ങളെ തുടര്‍ന്ന് ഉപേക്ഷിച്ച തീരുമാനം വിദ്യാഭ്യാസ വകുപ്പ് ഹൈക്കോടതി ഇടപെടലില്‍ നടപ്പാക്കുന്നത്.