ചിറ്റാരിക്കാല്‍: കള്ളനോട്ട് ബിസിനസിന് പിന്നാലെ കോണ്‍ഗ്രസുകാരനായ വിവാദനായകന്‍ മറ്റൊരുബിസിനസിലും സജീവമായി. പ്രസവിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൊടുക്കാനുള്ള നെയ്യ് ബിസിനസാണ് ഇദ്ദേഹം തുടങ്ങിയിരിക്കുന്നത്. വീട്ടില്‍ പശുവും എരുമയുമില്ല. എന്നിട്ടും വ്യാപാര സ്ഥാപനങ്ങള്‍ വഴി പശുനെയ്യ് വില്‍പ്പന തുടങ്ങിയിരിക്കുകയാണ്. ശുദ്ധമായ നെയ്യാണെന്നും അയ്യപ്പഭക്തര്‍ക്ക് വേണമെങ്കിലും ഇത് ഉപയോഗിക്കാമെന്നാണ് പറയുന്നത്. എന്നാല്‍ ഇതില്‍ കോണ്‍ഗ്രസുകാര്‍തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പട്ടിക്കുകൊടുക്കാന്‍ കശാപ്പുശാലകളില്‍ നിന്നും വാങ്ങുന്ന വെട്ടുനെയ്യാണ് ഉരുക്കി കുട്ടിക്കും പ്രസവിച്ച സ്ത്രീകള്‍ക്കും നല്‍കാനായി വിപണിയിലെത്തിക്കുന്നതെന്നാണ് ആരോപണം.
ചിറ്റാരിക്കാല്‍, ചിറ്റാരിക്കാലിലെ ഇരുപത്തഞ്ച്, കണ്ണിവയല്‍, ചെറുപുഴ, കുന്നുംങ്കൈ, ആലക്കോട് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇദ്ദേഹത്തിന്റെ നെയ് സുലഭമാണ്. ചിറ്റാരിക്കാലിലെ ഒരു വ്യാപാരി തനിക്ക് നെയ് തരുന്ന ആളുടെ പേര് പറഞ്ഞാണ് വില്‍പ്പന നടത്തുന്നത്. അതുകൊണ്ടുതന്നെ തനിക്ക് ഉത്തരവാദിത്വമില്ലെന്നും വ്യാപാരി ഉപഭോക്താക്കളോട് പറയുന്നുണ്ട്. വാങ്ങിയ നെയ് അതേപോലെ പലരും വാങ്ങിയ സ്ഥലത്തുതന്നെ തിരിച്ചേല്‍പ്പിച്ചുതുടങ്ങി.