സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

പാലക്കാട്: നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന ബി.ജെ.പി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കേരളത്തിന്‍റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ദീപാ ദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ചേര്‍ന്ന് സന്ദീപിനെ സ്വാഗതം ചെയ്തു. വന്‍ സ്വീകരണമാണ് പാലക്കാട്ട് സന്ദീപിന് കോണ്‍ഗ്രസ് നേതാക്കളൊരുക്കിയത്.

ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ഏറെ നാളുകളായി ഇടഞ്ഞു നിന്നിരുന്ന സന്ദീപ് വാര്യര്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ബിജെപി വിടാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. പ്രചരണ രംഗത്ത് അദ്ദേഹം സജീവമല്ലാതായതോടെ പാര്‍ട്ടി വിടുമെന്ന ചര്‍ച്ചകള്‍ സജീവമായിരുന്നു. ഇതിനിടെയില്‍ പാലക്കാട്ടെ സ്ഥാനാര്‍ത്ഥി സി. കൃഷ്ണകുമാറിനെതിരെ സന്ദീപ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടതോടെ കാര്യങ്ങള്‍ പരസ്യമായി. സന്ദീപിനെ സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്ത് എ.കെ. ബാലന്‍ രംഗത്തെത്തിയിരുന്നു. പാലക്കാട് സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ നിരന്തരം അപമാനിച്ചത് എണ്ണിപ്പറഞ്ഞുകൊണ്ട് വൈകാരികമായിട്ടായിരുന്നു സന്ദീപ് ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. ഒരു മനുഷ്യന്‍റെ ആത്മാഭിമാനം എന്ന് പറയുന്നത് ഏറെ പ്രധാനപ്പെട്ടതാണെന്നതായിരുന്നു പാലക്കാട് തിരഞ്ഞെടുപ്പ് വേദിയില്‍ സീറ്റ് നിഷേധിച്ചതിനെ സൂചിപ്പിച്ച് സന്ദീപ് കുറിച്ചത്.

ഇതിനിടയില്‍ സി.പി.ഐലേക്ക് പോകുന്നുവെന്നും വാര്‍ത്തകള്‍ വന്നു. ബി.ജെ.പി സംസ്ഥാന നേതാക്കള്‍ തന്നെ ഇടപെട്ട് അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും സന്ദീപ് വഴങ്ങിയില്ല. ഇതോടെ ബി.ജെ. പി സന്ദീപിനെതിരെ നടപടിയിലേക്ക് നീങ്ങുകയാണെന്ന അഭ്യൂഹങ്ങളും ശക്തമായി. എന്നാല്‍ നടപടിയുണ്ടായാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നായിരുന്നു സന്ദീപിന്‍റെ മറുപടി. തന്നെ അപമാനിച്ച നേതാക്കള്‍ക്കെതിരെ നടപടി വേണമെന്ന നിലപാടില്‍ സന്ദീപ് ഉറച്ചു നിന്നു. അല്ലാതെ പാര്‍ട്ടി വേദികളിലേക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രനും സംഘത്തിനുമാണെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ഏകാധിപത്യ പ്രവണതയുള്ള ഒരു പാര്‍ട്ടിക്കുള്ളില്‍ ഞാന്‍ വീര്‍പ്പുമുട്ടുകയായിരുന്നു. കേരളത്തില്‍ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും പരസ്പരം ഉപരോധം ഏര്‍പ്പെടുത്തി ജീവിക്കാനാവില്ല എന്ന പോസ്റ്റിട്ടതിന്‍റെ പേരില്‍ ഒരു വര്‍ഷക്കാലം അച്ചടക്ക നടപടി നേരിട്ടയാളാണ് താന്‍. ഇനി സ്നേഹത്തിന്‍റെ കടയില്‍ ഒരു മെമ്പര്‍ഷിപ്പ് എടുക്കാനാണ് തന്‍റെ തീരുമാനമെന്നും സന്ദീപ് പറഞ്ഞു.

സന്ദീപ് പറഞ്ഞു. "കോണ്‍ഗ്രസ് നേതാക്കളുമായെല്ലാം നല്ല സൗഹൃദം സൂക്ഷിച്ചിട്ടുള്ളയാളാണ് ഞാന്‍. ആശയപരമായി എതിര്‍ത്തിട്ടുണ്ടാവാം. രാഷ്ട്രീയത്തില്‍ മാനവികമായി ചിന്തിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ഒരു സംഘടനയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതില്‍ നിന്ന് ചില കാര്യങ്ങള്‍ നാം പ്രതീക്ഷിക്കും. എല്ലാ ദിവസവും വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഒരു ഫാക്ടറിയായി നില്‍ക്കുന്ന ഒരു പാര്‍ട്ടിയില്‍ നിന്നാണ് സ്നേഹവും കരുതലുമെല്ലാം ഞാന്‍ പ്രതീക്ഷിച്ചത്. അതാണ് എനിക്ക് പറ്റിയ തെറ്റെന്നും സ്വീകരണത്തിന് മറുപടിയായി സന്ദീപ് പറഞ്ഞു.