വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം. പുനര്‍നിര്‍മ്മാണത്തിനായി സമര്‍പ്പിച്ച 16 പ്രോജക്ടുകള്‍ക്കാണ് സഹായം നല്‍കുക. വായ്പയായാണ് 529.50 കോടി രൂപ അനുവദിക്കുക. സംസ്ഥാനങ്ങള്‍ക്കുളള മൂലധന നിക്ഷേപ സഹായത്തില്‍ ഉള്‍പ്പെടുത്തിയാണ് വായ്പ അനുവദിച്ചത്. മൂലധന നിക്ഷേപ സ്കീമിലെ വായ്പക്ക് പലിശയില്ല, 50 കൊല്ലം കൊണ്ട് തിരിച്ചടച്ചാല്‍ മതി. സംസ്ഥാന ധനകാര്യ സെക്രട്ടറിക്ക് ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചു. സംസ്ഥാനം സമര്‍പ്പിച്ച 535.56 കോടി രൂപയുടെ പദ്ധതി പരിഗണിച്ചാണ് വായ്പ അനുവദിച്ചത്.

ടൗണ്‍ഷിപ്പിലെ പൊതു കെട്ടിടങ്ങള്‍ റോഡുകള്‍, ദുരന്തമേഖലയിലെ പുഴയുടെ ഒഴുക്ക് ക്രമീകരിക്കല്‍, സ്കൂള്‍ നവീകരണം തുടങ്ങിയ പദ്ധതികള്‍ക്കാണ് സഹായം അനുവദിച്ചത്. അതേസമയം വയനാട് പുനരധിവാസത്തിന് കേന്ദ്രത്തോട് കേരളം 2000 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര ബജറ്റില്‍ ഒന്നും കിട്ടിയിരുന്നില്ല. എന്നാല്‍ ഇപ്പോഴും കേരളത്തോട് കേന്ദ്രം നീതി കാട്ടുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ചാണ് ധനമന്ത്രി കഴിഞ്ഞ ദിവസം ബജറ്റ് അവതരണം തുടങ്ങിയത്.

വയനാട് ദുരന്തന്തില്‍ കേന്ദ്ര സമീപനത്തെ കേരളം ആവര്‍ത്തിച്ച് ചോദ്യം ചെയ്തതിനാല്‍ സംസ്ഥാന ബജറ്റില്‍ പുനരധിവാസത്തിനായി കൂടുതല്‍ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ മുമ്പ് മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയ തുകമാത്രമാണ് ബജറ്റില്‍ ധനമന്ത്രി നീക്കിവെച്ചത്. പുനധിവാസം സമയബന്ധിതമാണ് പൂര്‍ത്തിയാക്കുമെന്ന ഉറപ്പും ധനമന്ത്രി നല്‍കിയിട്ടുണ്ട്.