തിരക്കഥാകൃത്ത് ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു

കണ്ണൂര്‍ : പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബല്‍റാം മട്ടന്നൂര്‍ (62) അന്തരിച്ചു. കളിയാട്ടം, കര്‍മ്മയോഗി, സമവാക്യം, അന്യലോകം, പിതാവിനും പുത്രനും പരിശുദ്ധ ആത്മാവിനും തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്താണ്. മുയല്‍ ഗ്രാമം, രവി ഭഗവാന്‍, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികള്‍), ബലന്‍ (സ്മരണകള്‍), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ കൃതി), കാശി (നോവല്‍) എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. സ്കൂള്‍ പഠനകാലത്തുതന്നെ സാഹിത്യത്തോട് താല്‍പര്യം പ്രകടിപ്പിച്ച ബല്‍റാം ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ നോവല്‍ എഴുതിയത്. ഗ്രാമം എന്നായിരുന്നു ഇതിന്‍റെ പേര്. എന്നാല്‍ ഇരുപതാം വയസിലാണ് ഈ നോവല്‍ പ്രസിദ്ധീകരിച്ചത്. വില്യം ഷേക്സ്പിയറുടെ ഒഥല്ലോയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഒരുക്കിയ തിരക്കഥയായിരുന്നു കളിയാട്ടത്തിന്‍റേത്. പരേതരായ സി.എച്ച്.പത്മനാഭന്‍ നമ്പ്യാരുടെയും സി.എം.ജാനകിയമ്മയുടെയും മകനാണ്. നാറാത്ത് സ്വദേശിനിയായ കെ.എന്‍. സൗമ്യയാണ് ഭാര്യ. മകള്‍ ഗായത്രി ബല്‍റാം. സഹോദരങ്ങള്‍: ജയറാം, ശൈലജ, ഭാര്‍ഗവറാം, ലതീഷ്. അസുഖ ബാധിതനായി ഏറെ നാള്‍ ചികിത്സയിലായിരുന്നു.