സംവാദം: പ്രതിപക്ഷ നേതാവിന്‍െറ വെല്ലുവിളി സ്വീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പരസ്യസംവാധനത്തിന് തയ്യാറുണ്ടോയെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. സംവാദത്തിന് വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോട് എല്ലാ കാര്യവും ചര്‍ച്ച ചെയ്യുകയാണെങ്കില്‍ സംവാദത്തിന് തയ്യാറെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. ഇനി സംവാദമായാലോ എന്ന് തലക്കെട്ടോടെ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ റിപ്പോര്‍ട്ട് കാര്‍ഡും മുഖ്യമന്ത്രി ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടു. സംവാദത്തിന് ഏറ്റവും നല്ല വേദി നിയമസഭയായിരുന്നുവെന്നും അവിടെ നിന്ന് ഒളിച്ചോടിയവരാണ് വെല്ലുവിളിക്കുന്നതെന്നും മുഖ്യമന്ത്രി പിന്നീട് നടത്തി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സഭാ തലത്തില്‍ പറഞ്ഞാ ല്‍ പറഞ്ഞതിന് മറുപടി കിട്ടും. ആ മറുപടി താങ്ങാന്‍ അവര്‍ക്ക് കഴിയില്ല. അതുകൊണ്ടാണ് ഒളിച്ചോടിയതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. 'സര്‍ക്കാരിനെ കുറിച്ച് വിമര്‍ശനങ്ങള്‍ ഉണ്ടെങ്കില്‍ അതുന്നയിക്കാനുള്ള അവസരമായിരുന്നു നിയമസഭയിലെ ചര്‍ച്ചകള്‍. എന്നാല്‍ പ്രതിപക്ഷം ഇതിലൊന്നും പങ്കെടുത്തില്ല. മന്ത്രിമാര്‍ അഴിമതിയും മറ്റും നടത്തിയെങ്കിലും അതും സര്‍ക്കാരിന്‍റെ കൊള്ളരുതായ്മകളും ഒന്നും പ്രതിപക്ഷം ഉന്നയിച്ചില്ല. ഒരു അടിയന്തര പ്രമേയവും അവസാന സമ്മേളനത്തില്‍ കൊണ്ടുവന്നില്ല. സര്‍ക്കാരിനെ കുറ്റവിചാരണ നടത്താനുള്ള ഏറ്റവും നല്ല മാര്‍ഗം അവിശ്വാസ പ്രമേയമായിരുന്നു. സഭാ തലത്തില്‍ പറഞ്ഞാല്‍ പറഞ്ഞതിന് മറുപടി കിട്ടും. ആ മറുപടി താങ്ങാന്‍ അവര്‍ക്ക് കഴിയില്ല.ഇപ്പോള്‍ പ്രചരിപ്പിക്കുന്നത് പോലുള്ള ഒരു നുണയും അവിടെ പറയാന്‍ കഴിയില്ല. പറഞ്ഞാല്‍ നേരെ ചൊവ്വേ മറുപടി കിട്ടുമെന്നുള്ളതാണ് കാര്യം. അതില്‍നിന്നുള്ള ഒളിച്ചോടുന്നതാണ് കണ്ടത്. കേരളത്തിന്‍റെ വികസനത്തില്‍ പങ്കുവഹിച്ചുകൊണ്ട് ആരോഗ്യകരമായ സമീപനം പ്രതിപക്ഷം സ്വീകരിച്ചിട്ടുണ്ടോ. നമ്മുടെ നാടിന് അര്‍ഹതപ്പെട്ടത് കേന്ദ്രം നിഷേധിക്കുമ്പോള്‍ അതിനെ എതിര്‍ത്തോ. ആ കാര്യങ്ങളൊക്കെ പറയാന്‍ തയ്യാറുണ്ടെങ്കില്‍ സംവാദത്തിന് തയ്യാറാണ്' മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രി വെല്ലുവിളി ഏറ്റെടുത്തതിന് പിന്നാലെ മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് എത്താമെന്ന് അറിയിച്ച് പ്രതിപക്ഷ നേതാവ് ഫെയ്സ്ബുക്കില്‍ മറുപോസ്റ്റിട്ടു. 'സംവാദത്തിന് തയ്യാര്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം. പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും. ബാക്കി ജനം തീരുമാനിക്കട്ടെയെന്നും സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.