കാഞ്ഞങ്ങാട്: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി പലയിടത്തും ഗതാഗതം നിരോധിച്ച് വാഹനങ്ങള്‍ തിരിച്ചുവിട്ടതോടെ നീലേശ്വരം-കാഞ്ഞങ്ങാട് റൂട്ടിലെ റോഡ് മാര്‍ഗ്ഗമുള്ള യാത്ര ദുരിതപൂര്‍ണ്ണമായി. ചട്ടഞ്ചാലില്‍ ദേശീയപാതാനിര്മ്മാണത്തിന്റെ ഭാഗമായി വാഹനഗതാഗതം നേരത്തെ തന്നെ തിരിച്ചുവിട്ടിരുന്നു. ചട്ടഞ്ചാലില്‍ നിന്നും മേല്‍പ്പറമ്പ് വഴി ചന്ദ്രഗിരിപാലത്തിലൂടെയാണ് ഇപ്പോള്‍ വാഹനങ്ങള്‍ കാസര്‍കോട്ടേക്ക് പോകുന്നത്. കാഞ്ഞങ്ങാട്-മാവുങ്കാല്‍ ജംഗ്ഷനില്‍ ഡ്രൈനേജ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതോടെ കണ്ണൂര്‍ ഭാഗത്തുനിന്നും കാസര്‍കോട്, പാണത്തൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കെഎസ്ടിപി റോഡിലെ മഡിയനില്‍ നിന്നും വെള്ളിക്കോത്ത് വഴി മൂലക്കണ്ടത്ത് എത്തിയാണ് യാത്രചെയ്യേണ്ടത്. ഇത് ഏറ്റവും കൂടുതല്‍ ദുരിതത്തിലാക്കുന്നത് ബസ് ജീവനക്കാരെയും യാത്രക്കാരേയുമാണ്. സമയം വൈകുന്നതിന് പുറമെ വന്‍തോതില്‍ ഇന്ധനനഷ്ടവും ഉണ്ടാകുന്നു. മാത്രമല്ല മാവുങ്കാലില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് പോകേണ്ട ആളുകള്‍ക്കാണ് ഏറെ പ്രയാസം അനുഭവിക്കേണ്ടിവരിക. ഇതിന് പുറമെയാണ് ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനിലുണ്ടാകുന്ന ഗതാഗതകുരുക്ക്. എല്ലാംകൊണ്ടും നീലേശ്വരം-കാഞ്ഞങ്ങാട് റൂട്ടില്‍ ഗതാഗതം താറുമാറായിരിക്കുകയാണ്. ഇതിന് പുറമെ മലയോരത്തേക്കുള്ള പ്രധാനപാതയായ ദേശീയപാതയില്‍ ചെമ്മട്ടംവയലില്‍ നിന്നും കാലിച്ചാനടുക്കം റോഡില്‍ കുറ്റിക്കാല്‍ ബല്ല വയലിലെ റോഡ് നവീകരണത്തെതുടര്ന്ന് ഈ റോഡ് അടച്ചിട്ട് മാസങ്ങളായി. ഏപ്രില്‍ 19 ന് റോഡ് തുറന്നുനല്‍കുമെന്നാണ് പിഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ നല്കിയ ഉറപ്പ്. എന്നാല്‍ ഈ റോഡിന്റെ നിര്‍മ്മാണം ഇപ്പോഴും പാതാവഴിയില് എത്തിനില്‍ക്കുകയാണ്. വയലിലെ കള്‍വര്‍ട്ടുകള്‍ പൊളിച്ചുമാറ്റി വീതികൂട്ടി ഉയരത്തിലാക്കുന്ന പ്രവര്‍ത്തിയാണ് നടക്കുന്നത്. നിര്‍മ്മാണം ഈ രീതിയില്‍ ഇഴഞ്ഞുപോയാല്‍ മഴക്കുമുന്നേ പണി പൂര്‍ത്തിയാക്കി റോഡ് ഗതാഗതത്തിന് തുറന്നുകൊടുക്കാന്‍ കഴിയുമോയെന്നാണ് നാട്ടുകാരുടെ ആശങ്ക. ഇതോടെ ജില്ലാ ആശുപത്രി ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ ഇപ്പോള്‍ നാല് കിലോമീറ്ററുകളോളം ചുറ്റി കല്യാണ്‍ റോഡ് വഴിയാണ് കടന്നുപോകുന്നത്. ഇതുകാരണം ചെമ്മട്ടംവയലില്‍ നിന്നും അമ്പലത്തുകരവരെയുള്ള 3 കിലോമീറ്ററുകളോളം ഭാഗത്തെ യാത്രക്കാര്‍ക്ക് ബസ് സൗകര്യം കിട്ടാതായിരിക്കുകയാണ്.
പലയിടത്തും റോഡ് ബ്ലോക്ക്; നീലേശ്വരം-കാസര്‍കോട് യാത്ര ദുരിതപൂര്‍ണ്ണം