വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കെ എസ് യു ജില്ലാ പ്രസിഡണ്ടിനെതിരെ കേസ്

കണ്ണൂര്‍: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും 65200 രൂപ തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയില്‍ കെ എസ് യു കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് എം.സി.അതുലിനെതിരെ കണ്ണൂര്‍ പോലീസ് കേസെടുത്തു. വിദേശത്ത് ജോലി ചെയ്യുന്ന യുവതി ഇ-മെയിലില്‍ നല്‍കിയ പരാതിയെതുടര്‍ന്നാണ് കേസ്. 2018 മുതല്‍ പ്രണയത്തിലായിരുന്നുവെന്നും 2020 ജനുവരിയില്‍ വിവാഹവാഗ്ദാനം നല്‍കി കാറില്‍വെച്ച് പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്. പിന്നീട് പലതവണകളിലായി വാങ്ങിയ 65200 രൂപ തിരിച്ചുനല്‍കാതെ വഞ്ചിച്ചുവെന്നും യുവതിയുടെ പരാതിയിലുണ്ട്. എന്നാല്‍ തനിക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസ് വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ചതിനു പിന്നാലെയുള്ള വേട്ടയാടലാണെന്ന് എം സി അതുല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെപ്രതികരിച്ചു. സൗഹൃദം ഉണ്ടായിരുന്ന സമയത്തെ കാര്യങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്നും ആരെയും അപമാനിക്കുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ലെന്നും അതുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇതുസംബന്ധിച്ച സാമ്പത്തിക വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കുമെന്നും അതുല്‍ വ്യക്തമാക്കി.വീണ ജോര്‍ജിനെ കരിങ്കൊടി കാണിച്ചതിന് ശേഷം മുതല്‍ പലവിധത്തില്‍ ഭീഷണികളും വേട്ടയാടലുകളും നേരിടുകയാണ്. 'എന്നെ ഫിനിഷ് ചെയ്യും' എന്ന മുന്നറിയിപ്പടക്കം ഉണ്ടായി. എന്നിട്ടും എല്ലാ നെറികെട്ട കളിയും പ്രതീക്ഷിച്ചു തന്നെയാണ് മുന്നോട്ടുപോയത്. പക്ഷേ ഇത് അല്പം കടന്ന കയ്യായ്പ്പോയി. ഒരാളെ ചീറ്റ് ചെയ്യണം എന്നുള്ള ഉദ്ദേശത്തിലോ സ്ത്രീകളെ അപമാനിക്കണമെന്നുള്ള ഉദ്ദേശത്തിലോ ഒരു കാലഘട്ടത്തിലും മുന്നോട്ടു പോയിട്ടില്ല. വിവിധ ക്യാമ്പസുകളില്‍ സംഘടനാ പ്രവര്‍ത്തനം നടത്തി പല വിദ്യാര്‍ഥികളുമായും ഇടപഴകി മുന്നോട്ട് പോയ ഒരാളെന്ന നിലയില്‍ അവര്‍ക്കൊക്കെ എന്‍റെ രാഷ്ട്രീയത്തെപ്പറ്റി അറിയാം എന്നാണ് കരുതുന്നത്. സൗഹൃദവും പ്രണയവും ഉണ്ടായിരുന്ന സമയത്ത് പരസ്പരം ചെയ്ത സഹായങ്ങളും ഇടപെടലുകളും മറ്റ് രീതിയില്‍ വ്യാഖ്യാനിച്ച് മുന്നോട്ട് പോകുന്നത് ശരിയാണോ എന്നത് കാലം തെളിയിക്കും. ഒരുപാട് ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ നിന്നും കടം മേടിച്ചും തിരിച്ചു കൊടുത്തും പല സുഹൃത്തുക്കളുടെ സഹായം കൊണ്ടുമൊക്കെ പൊതുപ്രവര്‍ത്തനം നടത്തി മുന്നോട്ട് പോകുന്ന സാധാരണക്കാരനാണ് ഞാനും. ഇപ്പോഴും കടവും ലോണുകളുമല്ലാതെ വ്യക്തിപരമായി ഈ പൊതുപ്രവര്‍ത്തനം കൊണ്ട് ഒന്നും സമ്പാദിച്ചിട്ടില്ലെന്നും അതുല്‍ തന്‍റെ പോസ്റ്റില്‍ വിശദീകരിക്കുന്നു. വേദനകളും യാതനകളും പ്രതിസന്ധികളും അനവധി ഉണ്ടായിട്ടുണ്ടെങ്കിലും ഈ പൊളിറ്റിക്സില്‍ നിലനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത് ഇതിനോടുള്ള പാഷനും കോണ്‍ഗ്രസിന്‍റെ ലെഗസിയുമാണ്. കോടതിയുടെ മുന്നിലിരിക്കുന്ന ഒരു കേസിന്‍റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് പബ്ലിക് ഡൊമെയിനില്‍ തല്‍ക്കാലം ചര്‍ച്ചയാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അതുല്‍ പോസ്റ്റില്‍ പറയുന്നു.