25 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു

ബാംഗ്ലൂര്‍: നഗരത്തില്‍ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലായി 25 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുകള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ മൂന്ന് നൈജീരിയന്‍ പൗരന്മാരും ഒരു മലയാളിയും ഉള്‍പ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തു. കൂടാതെ മറ്റു 13 പേരും പിടിയിലായിട്ടുണ്ട്.

മദനനായകനഹള്ളിയില്‍ നടത്തിയ റെയ്ഡില്‍ 21 കോടി രൂപ വിലമതിക്കുന്ന 10.27 കിലോ എംഡിഎംഎ ക്രിസ്റ്റലുകള്‍ പിടിച്ചെടുത്തു. നൈജീരിയന്‍ സ്വദേശികളായ അംബേമോ ജെല വിക്ടര്‍ (37), ചിമെ എന്‍ഡുബുന്‍സി മോസസ് (36), കാരികരി അമെസ് (33) എന്നിവരാണ് പിടിയിലായത്. മെഡിക്കല്‍, ടൂറിസ്റ്റ് വിസകളില്‍ ഇന്ത്യയിലെത്തിയ ഇവര്‍ക്ക് ഡല്‍ഹിയിലുള്ള മറ്റൊരു നൈജീരിയന്‍ പൗരനില്‍ നിന്നാണ് ലഹരിമരുന്ന് ലഭിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു. ബനസവാടിയില്‍ നടത്തിയ മറ്റൊരു ഓപ്പറേഷനില്‍ 2 കോടി രൂപ വിലമതിക്കുന്ന 2.044 കിലോ ഹൈഡ്രോപോണിക് കഞ്ചാവുമായി മലയാളി യുവാവിനെ പിടികൂടി. മുഹമ്മദ് ഒമറുള്ള ഫാറൂഖ് (25) ആണ് അറസ്റ്റിലായത്. നാലു മാസം മുന്‍പ് ബെംഗളൂരുവിലെത്തിയ ഇയാള്‍, തായ്ലന്‍ഡില്‍ നിന്ന് കഞ്ചാവ് എത്തിക്കുന്ന കേരളത്തിലെ ഒരു ഇടനിലക്കാരനില്‍ നിന്നാണ് ലഹരിമരുന്ന് വാങ്ങിയിരുന്നത്.ഇതുകൂടാതെ, നഗരത്തിലെ വിവിധയിടങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ മറ്റ് 13 ലഹരി വില്‍പനക്കാരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 2 കോടിയിലധികം രൂപയുടെ മയക്കുമരുന്നുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. എസിപി എല്‍.വൈ രാജേഷിന്‍റെ മേല്‍നോട്ടത്തില്‍ ഇന്‍സ്പെക്ടര്‍മാരായ പ്രവീണ്‍ സി. ടയാലിഗര്‍, മഞ്ചപ്പ സി.എ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡുകള്‍ക്ക് നേതൃത്വം നല്‍കിയത്.