യുഎസ് ഗ്രീന്‍ കാര്‍ഡ് പദ്ധതിയില്‍ നിന്ന് ഇന്ത്യന്‍ ഐടി കമ്പനികളെ വിലക്കി ട്രംപ് ഭരണകൂടം

വാഷിങ്ടണ്‍: അമേരിക്കയിലെ ഇന്ത്യന്‍ ഐടി ജീവനക്കാര്‍ക്ക് തിരിച്ചടി. യുഎസ് ഗ്രീന്‍ കാര്‍ഡ് പദ്ധതിയില്‍ നിന്ന് മുന്‍നിര കമ്പനികളെ ട്രംപ് ഭരണകൂടം വിലക്കി. ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ ഉള്‍പ്പടെ കമ്പനികള്‍ നടപടി നേരിട്ടു. എച്ച്1ബി വിസ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്തെന്നാണ് ട്രംപ് ഭരണകൂടത്തിന്‍റെ വിശദീകരണം. മൈക്രോസോഫ്റ്റ്, അഡോബ് തുടങ്ങി ആഗോള ഭീമന്മാര്‍ക്കെതിരെയും നടപടിയുണ്ട്. ഇതില്‍ അമേരിക്കയെ ഇന്ത്യ പ്രതിഷേധം അറിയിച്ചേക്കും.

അമേരിക്കക്കാര്‍ അല്ലാത്ത ജീവനക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് നല്‍കുന്ന പദ്ധതിയാണിത്. ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ, എച്ച്.സി.എല്‍, കോഗ്നിസന്‍റ് തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ക്കാണ് വിലക്ക്. കാപ്ജെമിനി, മൈക്രോസോഫ്റ്റ്, അഡോബി തുടങ്ങിയ ആഗോള ഭീമന്മാര്‍ക്കെതിരെയും നടപടിയുണ്ട്. ഈ കമ്പനികളില്‍ നിന്നുള്ള പുതിയ പി ഇ ആര്‍ എം അപേക്ഷകള്‍ ഇനി സ്വീകരിക്കില്ല. നിലവിലുള്ള അപേക്ഷകളുടെ തുടര്‍നടപടികള്‍ നിര്‍ത്തി. അതേസമയം, കമ്പനികള്‍ വിദേശികളെ നിയമിച്ച് അമേരിക്കന്‍ പൗരന്മാരുടെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുന്നു എന്നാണ് യുഎസ് വൈസ് പ്രസിഡന്‍റിന്‍റെ വിശദീകരണം. എച്ച്1ബി വിസക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡിലേക്ക് മാറാനുള്ള ആദ്യ ഘട്ടമാണ് പി ഇ ആര്‍ എം. വിലക്ക് നിലവില്‍ വന്നതോടെ യുഎസില്‍ സ്ഥിരതാമസത്തിന് ശ്രമിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യന്‍ ഐടി ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്.