അമിത്ഷായ്ക്ക് എതിരേ പരാമര്‍ശം; മാനനഷ്ടക്കേസില്‍ രാഹുല്‍ കുറ്റവിമുക്തന്‍

സുല്‍ത്താന്‍പൂര്‍: അമിത്ഷായ്ക്ക് എതിരേ നടത്തിയ പരാമര്‍ശത്തിന്‍റെ പേരിലുള്ള മാനനഷ്ടക്കേസില്‍ കോണ്‍ഗ്രസ്നേതാവ് രാഹുല്‍ഗാന്ധിയെ കുറ്റവിമുക്തനാക്കി. സുല്‍ത്താന്‍പൂര്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി. കോടതിയില്‍ രാഹുല്‍ നേരിട്ട് ഹാജരായിരുന്നു. ബെംഗളൂരുവില്‍ നടത്തിയ പ്രസംഗത്തിന്‍റെ പേരില്‍ സുല്‍ത്താന്‍പൂര്‍ ജില്ലാ സഹകരണ ബാങ്ക് മുന്‍ ചെയര്‍മാനും ബി.ജെ.പി നേതാവുമായ വിജയ് മിശ്ര നല്‍കിയ പരാതിയിലാണ് വിധി വന്നത്. 2018ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബെംഗളൂരുവില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍, അന്നത്തെ ബി.ജെ.പി ദേശീയ അധ്യക്ഷനും നിലവിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായ്ക്കെതിരെ രാഹുല്‍ ഗാന്ധി അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് കേസ്.

അമിത് ഷായുടെ പേരിനൊപ്പം കൊലപാതക ആരോപണവുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തിയെന്നായിരുന്നു ആക്ഷേപം. വര്‍ഷങ്ങളായി നീണ്ടുനിന്ന വിചാരണയ്ക്കു ശേഷം, ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ പ്രത്യേക എം.പിഎം.എല്‍.എ കോടതിയില്‍ നിന്നുണ്ടായ വിധി കോണ്‍ഗ്രസ് നേതൃത്വത്തിന് വലിയ ആശ്വാസമായി മാറിയിട്ടുണ്ട്. ഈ കേസില്‍ 2024 ഫെബ്രുവരി 20ന് രാഹുല്‍ ഗാന്ധി ആദ്യമായി സുല്‍ത്താന്‍പൂര്‍ കോടതിയില്‍ നേരിട്ട് ഹാജരാവുകയും ജാമ്യം നേടുകയും ചെയ്തിരുന്നു. അതേസമയം മോശം പരാമര്‍ശം ആരോപിച്ച് ബിജെപി രാഹുലിനെതിരേ ബിജെപി കോടതിയില്‍ പോകുന്നതും നിയമനടപടി നേരിടുന്നതുമൊന്നും ആദ്യമല്ല. 2019 ല്‍ കര്‍ണാടകയിലെ കോലാറില്‍ നടന്ന പ്രചാരണത്തില്‍ 'എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന് സര്‍നെയിം ഉള്ളത് എന്തുകൊണ്ട്' എന്ന് ചോദിച്ചതിന് ബി.ജെ.പി എം.എല്‍.എ പൂര്‍ണേഷ് മോദി ഫയല്‍ ചെയ്ത കേസ്. സൂറത്ത് കോടതി രാഹുലിനെ 2 വര്‍ഷത്തേക്ക് ശിക്ഷിക്കുകയും എം.പി സ്ഥാനം നഷ്ടമാവുകയും ചെയ്തിരുന്നെങ്കിലും പിന്നീട് സുപ്രീം കോടതി ഈ ശിക്ഷാവിധി സ്റ്റേ ചെയ്യുകയും എം.പി സ്ഥാനം പുനഃസ്ഥാപിക്കുകയും ചെയ്തു.