തെഹ്റാന്: പശ്ചിമേഷ്യയില്‍ ഇറാന് -യുഎസ് സംഘര്‍ഷം കനക്കുന്നു. ഇറാന്റെ തെക്കന്‍ മേഖല ലക്ഷ്യമിച്ച് അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഒരു കുട്ടി അടക്കം നാല് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെ ജോര്‍ദ്ദാനിലെയും ഇറാഖിലെയും അമേരിക്കന്‍ വ്യോമ താവളങ്ങള്‍ക്ക് നേരെ ഇറാന് മിസൈല്‍ ആക്രമണം നടത്തി. ബഹ്റൈനിലും കുവൈറ്റിലും ഇറാന്റെ ആക്രമണ ശ്രമം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. അമേരിക്കന്‍ ആക്രമണത്തില്‍ ഇറാന്റെ തെക്കന്‍ മേഖലകളില്‍ നിരവധി സ്ഫോടനങ്ങള്‍ ഉണ്ടായതായി ഇറാന് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അസലൂയേ, ജിറോഫ്ത്, ബന്ദര്‍ അബ്ബാസ്, ഖെഷം ദ്വീപ്, കോനാരക്, ചാബഹാര്‍, ജാസ്ക്, സിറിക്, ലവാന് എന്നിവിടങ്ങളില്‍ സ്ഫോടനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. സിറിക്കില്‍ നടന്ന ആക്രമണത്തില്‍ വിവാഹാഘോഷം നടന്നുകൊണ്ടിരുന്ന ഒരു വീട് തകര്‍ന്നതായാണ് ഇറാന് റെഡ് ക്രസന്റിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. അപകടത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ നാല് പേര് കൊല്ലപ്പെടുകയും 50ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ചാണ് ഇവിടെ അപകടം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ വിജയകരമായ ആക്രമണങ്ങളുടെ ഒരു ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചിരിക്കുന്നത്. ഹോര്‍മൂസില്‍ കപ്പല്‍ ഗതാഗതത്തെ തടസ്സപ്പെടുത്താനും വാണിജ്യ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്താനും കടലില്‍ മൈനുകള്‍ സ്ഥാപിക്കാനും ഇറാന് ശ്രമിച്ചതായും ജോര്‍ദാനിലെ അമേരിക്കന്‍ സൈനികരെ ലക്ഷ്യമിട്ടതായും ആരോപിച്ചാണ് ആക്രമണമെന്നാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കുന്നത്.
അമേരിക്കന്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ ജോര്‍ദാനിലെ പ്രിന്‍സ് ഹസന് വ്യോമതാവളത്തിനും യുഎസ് മറൈന്‍ സേനയുടെ താവളത്തിനും നേരെ ഇറാന് ആക്രമണം നടത്തി. ജോര്‍ദ്ദാനിലെ രണ്ട് അമേരിക്കന്‍ താവളങ്ങള്‍ക്ക് നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ അവകാശവാം. അമേരിക്കയ്ക്ക് മുന്നില്‍ 'മറക്കാനാകാത്ത പാഠങ്ങള്‍' കരുതിവെച്ചിട്ടുണ്ടെന്ന് ഇറാന് പരമോന്നത നേതാവ് മൊജ്തബ ഖമനേയിയെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇറാന്-അമേരിക്ക ആക്രമണം പുനരാരംഭിച്ചതിന് ശേഷം ആദ്യമായാണ് മൊജ്തബ ഖമനേയി പ്രതികരിക്കുന്നത്. വടക്കന്‍ ഇറാഖിലെ എര്ബില് പ്രവിശ്യയിലുള്ള യുഎസ് കേന്ദ്രങ്ങള്‍ക്ക് നേരെയും സംയുക്ത മിസൈല്‍ഡ്രോണ്‍ ആക്രമണം നടത്തിയതായി ഐആര്‍ജിസി അവകാശപ്പെട്ടു. ആക്രമണത്തില്‍ അറ്റകുറ്റപ്പണി കേന്ദ്രവും സാങ്കേതിക ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണുകളും നശിപ്പിച്ചതായി ഐആര്‍ജിസി അവകാശപ്പെട്ടു. യുഎസിന്റെ നിരീക്ഷണ ബലൂണ്‍ നിയന്ത്രണ സംവിധാനവും തകര്‍ത്തതായാണ് ദേശീയ മാധ്യമമായ ഐആര്‍ഐബിയിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ ഐആര്‍ജിയുടെ അവകാശവാദം. അമേരിക്കന്‍ താവളത്തിലെ ഇന്ധന ടാങ്കുകള്‍ക്ക് തീപിടിച്ചതായും നിരവധി യുഎസ് സൈനികര്‍ കൊല്ലപ്പെട്ടതായും ഐആര്‍ജിസി അവകാശപ്പെട്ടു. തെക്കന്‍ തീരദേശ നഗരമായ സിറിക്കില്‍ വിവാഹാഘോഷത്തിനിടെ അമേരിക്ക നടത്തിയ ആക്രമണത്തില്‍ നാല് പേര് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് തിരിച്ചടിയെന്നാണ് ഇറാന്റെ വിശദീകരണം. ഇതിനിടെ ഇറാന്റെ ഡ്രോണുകള്‍ തടഞ്ഞതായി ബഹ്റൈനില്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇറാനില്‍ നിന്നെത്തിയ ഡ്രോണുകള്‍ തടഞ്ഞ് നശിപ്പിച്ചതായാണ് ബഹ്റൈന്‍ അറിയിച്ചിരിക്കുന്നത്. ആക്രമണ സാധ്യത മുന്നില്‍ക്കണ്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്ന് ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം നേരത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വളരെ ന്യായമായ ആക്രമണത്തിന് മറുപടിയായി ഇറാന് തിരിച്ചടിക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ ശക്തവും കടുത്തതുമായ ആക്രമണത്തിലൂടെ തിരിച്ചടി നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.