മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം: ശസ്ത്രക്രിയ പൂര്‍ത്തിയായി

വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് ശ്വാസകോശ അര്‍ബുദം സ്ഥിരീകരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് അദ്ദേഹത്തിന്‍റെ വലത് ശ്വാസകോശത്തിന്‍റെ താഴത്തെ ഭാഗം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ വത്തിക്കാന്‍ അറിയിച്ചു. 71 കാരനായ ലിയോ പതിനാലാമന്‍ മാര്‍പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ 90 മിനിറ്റ് നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഇന്നലെയായിരുന്നു ശസ്ത്രക്രിയ. പള്‍മണറി അഡിനോകാര്‍സിനോമ എന്ന തരം അര്‍ബുദമാണ് അദ്ദേഹത്തിന് സ്ഥിരീകരിച്ചത്.

ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും സങ്കീര്‍ണതകളൊന്നും ഉണ്ടായില്ലെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം പാപ്പാ സാധാരണ നിലയില്‍ ഉണരുകയും, അല്പനേരത്തെ നിരീക്ഷണത്തിന് ശേഷം തന്‍റെ ആശുപത്രി മുറിയിലേക്ക് മടങ്ങുകയും ചെയ്തുവെന്നും വത്തിക്കാന്‍ പ്രസ്താവനയില്‍ അറിയിച്ചു. ഒക്ടോബര്‍ 20 വരെയുള്ള പോപ്പിന്‍റെ ഔദ്യോഗിക പരിപാടികള്‍ ഇതിനകം ഒഴിവാക്കിയിട്ടുണ്ട്. റുട്ടീന്‍ ചെക്കപ്പിലാണ് അര്‍ബുദം കണ്ടെത്തിയത്. ശസ്ത്രക്രിയക്ക് ശേഷം ഒരാഴ്ചയോളം മാര്‍പാപ്പ ആശുപത്രിയില്‍ തുടരുമെന്നാണ് കരുതുന്നത്. അര്‍ബുദം ശരീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇതിനായി കൂടുതല്‍ പരിശോധനകള്‍ നടക്കുന്നുണ്ടെന്ന് എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.