മനില: ദക്ഷിണ ഫിലിപ്പീന്‍സിലെ മിന്ദനാവോ തീരത്ത് അതിശക്തമായ ഭൂചലനം. ഇതേത്തുടര്‍ന്ന് ഫിലിപ്പീന്‍സിലും അയല്‍രാജ്യമായ ഇന്തോനേഷ്യയിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരോട് സുരക്ഷിതമായ ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറിത്താമസിക്കാന്‍ അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആഗോള നിരീക്ഷണ ഏജന്‍സികളും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസിന്റെ പ്രാഥമിക വിവരങ്ങള്‍ പ്രകാരം ഭൂചലനത്തിന്റെ തീവ്രത റിക്ടര്‍ സ്കെയിലില്‍ 8.1 രേഖപ്പെടുത്തി. ഭൂപ്രതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ മാത്രം ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആദ്യം 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പിന്നീട് ജി.എഫ്.ഇസെഡ് പുതുക്കി നിശ്ചയിക്കുകയായിരുന്നു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്നും 15 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഫിലിപ്പീന്‍സിലെ ജനറല്‍ സാന്റോസ് നഗരത്തില്‍ ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. വീടുകളിലെ ഫര്‍ണിച്ചറുകളും ടി.വി ഉള്‍പ്പെടെയുള്ള ഗൃഹോപകരണങ്ങളും വീണുതകര്‍ന്നതായി പ്രാദേശിക റേഡിയോ സ്റ്റേഷന് റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ചലനങ്ങള്‍ ഭയന്ന് ജനങ്ങള്‍ വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും കൂട്ടത്തോടെ തെരുവുകളിലേക്ക് ഓടിയിറങ്ങി. മേഖലയില്‍ പലര്‍ക്കും പരിക്കേറ്റതായി വിവരമുണ്ടെങ്കിലും നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കുകള്‍ അധികൃതര്‍ വിലയിരുത്തി വരുന്നതേയുള്ളൂ.
സരംഗനി പ്രവിശ്യയില്‍ വൈദ്യുതി ബന്ധവും വാര്‍ത്താവിനിമയ സംവിധാനങ്ങളും പൂര്‍ണ്ണമായി തകര്‍ന്നു. ഇവിടെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അലാബെല്‍ ടൗണിലെ പൊലീസ് സ്റ്റേഷന് കെട്ടിടത്തിന് വിള്ളല്‍ വീണതായി പോലീസ് ചീഫ് ബെന്‍ജി അന്ചെറ്റ അറിയിച്ചു. രാവിലെ പതാക ഉയര്‍ത്തല്‍ ചടങ്ങിനിടെയാണ് ഭൂചലനമുണ്ടായത്. പരിഭ്രാന്തരായി ചിലര്‍ ബോധരഹിതരായി വീണതായും, തങ്ങള്‍ അനുഭവിച്ചതില്‍ വച്ച് ഏറ്റവും ശക്തമായ ഭൂചലനമാണിതെന്നും അദ്ദേഹം പറഞ്ഞു. ഭൂചലനത്തിന് തൊട്ടുപിന്നാലെ കടല്‍ ഉള്‍വലിഞ്ഞതായും മാസിം ദുരന്തനിവാരണ വിഭാഗം മേധാവി അര്ലീന് ഹൊല്ലെറോ വ്യക്തമാക്കി. ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം ഏകോപിപ്പിച്ചു വരികയാണെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനന്‍ഡ് മാര്‍ക്കോസ് ജൂനിയര്‍ അറിയിച്ചു. ദേശീയ സര്‍ക്കാര്‍ അടിയന്തര നടപടികളിലേക്ക് നീങ്ങുകയാണെന്നും മിന്ദനാവോയിലെ ജനങ്ങളെ ഒറ്റപ്പെടുത്തുകയില്ലെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ഉറപ്പുനല്‍കി. ഇന്തോനേഷ്യയിലെ വടക്കന്‍ നഗരമായ മനാഡോയിലും ശക്തമായ കുലുക്കം അനുഭവപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ ഇന്തോനേഷ്യയില്‍ നിലവില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ദുരന്തനിവാരണ ഏജന്‍സി വ്യക്തമാക്കി. കടലില്‍ 0.19 മീറ്റര്‍ ഉയരമുള്ള ചെറിയ അലകള്‍ ദൃശ്യമായതായി ഇന്തോനേഷ്യന്‍ ഏജന്‍സി അറിയിച്ചു. എന്നാല്‍ ഫിലിപ്പീന്‍സില്‍ ഒരു മീറ്ററിലധികം ഉയരമുള്ള സുനാമി തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഫിലിപ്പീന്‍സിലെ രണ്ടാമത്തെ വലിയ ദ്വീപായ മിന്ദനാവോക്ക് സമീപം കടലിലാണ് ഭൂചലനമുണ്ടായത്. ലോകത്ത് ഏറ്റവും കൂടുതല്‍ ഭൂകമ്പ സാധ്യതയുള്ള മേഖലകളിലൊന്നാണിത്. ദക്ഷിണ അമേരിക്ക മുതല്‍ റഷ്യന്‍ ദ്വീപ് വരെയുള്ള പസഫിക് 'റിങ് ഓഫ് ഫയര്‍' മേഖലയിലാണ് ഫിലിപ്പീന്‍സും ഇന്തോനേഷ്യയും സ്ഥിതി ചെയ്യുന്നത്. ഭൗമപാളികളുടെ നിരന്തരമായ ചലനങ്ങള്‍ കാരണം ഇവിടെ ഭൂചലനങ്ങളും അഗ്നിപര്‍വ്വത സ്ഫോടനങ്ങളും പതിവാണ്. സുനാമി ഭീതി നിലനില്‍ക്കുന്നതിനാല്‍ ഇരു രാജ്യങ്ങളിലെയും സുരക്ഷാ അധികൃതര്‍ കടലിലെ വ്യതിയാനങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. പൗരന്മാര് ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.