മലയാളി വിദ്യാര്‍ത്ഥിനിയെ ബാംഗ്ലൂരില്‍ ബലാത്സംഗം ചെയ്തു, വയനാട് സ്വദേശിക്കെതിരെ കേസ്

ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ മലയാളിയായ പെണ്‍കുട്ടിയെ ബലാത്സംഗംചെയ്തു. ബാംഗ്ലൂരില്‍ പഠനത്തോടൊപ്പം കഫേയില്‍ പാര്‍ടൈം ജോലിചെയ്യുന്ന 20 കാരിയായ പെണ്‍കുട്ടിയാണ് ബലാത്സംഗത്തിനിരയായത്. സംഭവത്തില്‍ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ഹൈനസിനെതിരെ ബാംഗ്ലൂര്‍ നോര്‍ത്ത് പോലീസ് കേസെടുത്തു. മേയ് 12നായിരുന്നു സംഭവം. സുഖമില്ലാത്ത സമയത്ത് സുഹൃത്തുക്കളുടെ താമസസ്ഥലത്തുവെച്ചാണ് ഹൈനസ് പെണ്‍കുട്ടി പീഡനത്തിനിരയായത്. പെണ്‍കുട്ടി വിശ്രമിക്കുമ്പോള്‍ ഹൈനസ് അവിടെയെത്തി. ഇതിനിടയില്‍ സുഹൃത്തുക്കള്‍ പുറത്തുപോയ സമയത്താണ് ഇയാള്‍ മുറിയില്‍ അതിക്രമിച്ചുകയറി ബലാത്സംഗംചെയ്തതെന്നും പെണ്‍കുട്ടി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പിറ്റേദിവസംതന്നെ മഡിവാള പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിട്ടും പോലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കരുതെന്നാണ് ആവശ്യപ്പെട്ടതെന്നും അപമാനിച്ചെന്നും പെണ്‍കുട്ടി ആരോപിച്ചു. പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ മഡിവാളയില്‍ കഫേ ആരംഭിച്ചപ്പോള്‍ ഇതിനുവേണ്ട സ്ഥലം കണ്ടെത്തി നല്‍കിയതും മറ്റുസഹായങ്ങള്‍ നല്‍കിയതും ഹൈനസ് ആയിരുന്നു. എന്നാല്‍, കഫേ നഷ്ടത്തിലായതോടെ ഇത് വില്‍ക്കാന്‍ തീരുമാനിച്ചു. ഇതിനായി ഹൈനസിന്‍റെ സഹായവും തേടി. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാനായാണ് മേയ് 12ന് ഹൈനസ് താമസസ്ഥലത്ത് എത്തിയതെന്നാണ് പറയുന്നത്. "മഡിവാള പോലീസില്‍ ആദ്യം പരാതി കൊടുക്കാന്‍ പോയിട്ടും പോലീസുകാരില്‍നിന്ന് ഒരു പിന്തുണയും സഹായവും കിട്ടിയില്ല. മൊഴിയെടുക്കാന്‍ വനിതാ പോലീസിനെ പോലും നല്‍കിയില്ല. വൈദ്യപരിശോധനയ്ക്ക് തയ്യാറാണെന്ന് പറഞ്ഞിട്ടും തയ്യാറായില്ല. 'വിര്‍ജിന്‍' ആണോ എന്നൊക്കെ ചോദിച്ച് വ്യക്തിത്വത്തെ ചോദ്യംചെയ്താണ് പോലീസ് സംസാരിച്ചത്. അരുണ്‍ എന്ന പോലീസ് ഓഫീസറാണ് ഇങ്ങനെഅപമാനിച്ചത്. വൈദ്യപരിശോധന നടത്താന്‍ കഴിയില്ലെന്നും പറഞ്ഞതും ഈ പോലീസ് ഓഫീസറാണെന്നും പെണ്‍കുട്ടി പ്രതികരിച്ചു. പോലീസ് സ്റ്റേഷനില്‍വെച്ചും പിന്നീട് താമസസ്ഥലത്ത് എത്തിയും ഹൈനസും ഗുണ്ടകളും ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടികളും സുഹൃത്തുക്കളും ആരോപിച്ചു. ഇതിന്‍റെ ദൃശ്യങ്ങളും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്. മേയ് 13ന് രാവിലെ പരാതി നല്‍കാനായി മഡിവാള സ്റ്റേഷനിലെത്തിയിട്ട് രാത്രി 12 മണിവരെ അവിടെ നിര്‍ത്തി. ഇതിനിടെ ഹൈനസ് ഒരു ഗുണ്ടാനേതാവിനൊപ്പം സ്റ്റേഷനിലെത്തി. പരാതിയുമായി മുന്നോട്ടുപോയാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനുശേഷം ഹൈനസ് താമസസ്ഥലത്ത് എത്തി വീണ്ടും ഭീഷണിപ്പെടുത്തി. ഗുണ്ടകളുമായെത്തിയ ഇയാള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. ഇയാളെ ഭയന്ന് നിലവില്‍ ഒളിച്ചുകഴിയേണ്ട സ്ഥിതിയാണെന്നും പരാതിക്കാരിയും സുഹൃത്തുക്കളും പറയുന്നു. മഡിവാള പോലീസ് കേസെടുക്കാന്‍ തയ്യാറാകാതിരുന്നതോടെ പെണ്‍കുട്ടിയും സുഹൃത്തുക്കളും മേയ് 18ന് ബാംഗ്ലൂര്‍ നോര്‍ത്ത് ഈസ്റ്റ് ഡിസിപിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഡിസിപിയുടെ നിര്‍ദേശപ്രകാരമാണ് മേയ് 18ന് സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്തത്. എന്നാല്‍, ഹൈനസിനെ ഇതുവരെ പിടികൂടിയിട്ടില്ല.