വാഷിങ്ടണ്‍: ഇറാനുമായുള്ള യുദ്ധത്തില്‍നിന്ന് തലയൂരാനുള്ള നീക്കത്തില്‍ ട്രംപ് ഭരണകൂടം. നിലവിലെ സംഘര്‍ഷം ലഘൂകരിക്കാനും ഇറാനുമായുള്ള യുദ്ധത്തില്‍ നിന്ന് പിന്മാറാനുമുള്ള വഴി കണ്ടെത്തണമെന്ന് യുഎസ് ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയര്മാന് ഡാന്‍ കെയ്ന്‍ ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് സ്വകാര്യമായി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സംഘര്‍ഷം മൂര്‍ച്ഛിച്ചാല്‍ നിലവിലെ സൈനിക നടപടികളില്‍ തിരിച്ചടി ഉണ്ടാക്കിയേക്കാമെന്നും, വ്യോമാക്രമണം കൊണ്ട് മാത്രം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലക്ഷ്യമിടുന്ന കാര്യങ്ങള്‍ നേടിയെടുക്കാന്‍ സാധ്യതയില്ലെന്നും ഡാന്‍ കെയ്ന്‍ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ ട്രംപിന്റെ മറ്റ് ഉന്നത ഉപദേശകരെ അറിയിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതുകൊണ്ട് തന്നെ യുദ്ധത്തില്‍ നിന്ന് പിന്മാറാനുള്ള ഒരു വഴി അമേരിക്ക കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധം ഒരു വഴിത്തിരിവിലെത്തി നില്ക്കുന്നു എന്ന കാഴ്ചപ്പാട് ഡാന്‍ കെയ്നിന് മാത്രമല്ലെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. സിഐഎ ഡയറക്ടര്‍ ജോണ്‍ റാറ്റ്ക്ലിഫ്, വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് എന്നിവരുള്‍പ്പെടെയുള്ള പ്രധാനികളുമായി കെയ്ന്‍ ആശങ്കകള്‍ പങ്കുവെച്ചിട്ടുണ്ട്. യുദ്ധത്തിന്റെ അടുത്ത ഘട്ടം സംബന്ധിച്ചുള്ള കൂടിയാലോചനകള്‍ക്കായി ട്രംപുമായി ഉന്നത ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തുന്നതിന് മുന്നോടിയായിട്ടാണ് സൈനിക മേധാവി ഭരണകൂടത്തിലെ പ്രധാനികളെ കണ്ടത്. യുദ്ധത്തില്‍നിന്ന് പിന്‍വാങ്ങാനുള്ള ഒരു പൊതുഅഭിപ്രായം രൂപപ്പെടുത്താനും അദ്ദേഹം കൂടിക്കാഴ്ചയില്‍ ശ്രമിച്ചുവെന്നും സിഎന്‍എന്‍ വ്യക്തമാക്കുന്നു. ഇറാനിലേക്ക് കരസേനയെ അയക്കുന്നതിനോട് ട്രംപിന് എതിര്‍പ്പുണ്ട്. പകരം, വ്യോമാക്രമണത്തിലൂടെ തന്നെ ലക്ഷ്യങ്ങള്‍ നേടാനാകുമെന്ന് തന്നെയാണ് അദ്ദേഹത്തിന്റെ വിശ്വാസം. എന്നാല്‍ ഇറാന് ആണാവായുധം സ്വന്തമാക്കുന്നത് തടയാന്‍ എളുപ്പുവഴിയായി ട്രംപ് തിരഞ്ഞെടുത്ത സൈനിക നടപടി ആരംഭിച്ച് ആറ് മാസങ്ങള്‍ക്ക് ശേഷവും യുദ്ധം അനിശ്ചിതമായി നീളുകയാണ്.
ഇറാനുമായുള്ള യുദ്ധത്തില്‍നിന്ന് പിന്മാറാനുള്ള വഴികള്‍ തേടി യുഎസ് സൈനിക മേധാവി