ബൊഗോട്ട: പടിഞ്ഞാറന്‍ കൊളംബിയയെ വിറപ്പിച്ച ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 132 ആയി ഉയര്‍ന്നു. 570 പേര്‍ക്ക് പരിക്കേറ്റു. കൊളംബിയന്‍ നഗരമായ പെരേരയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. 60 പേര്‍ക്കാണ് ഇവിടെ ജീവന് നഷ്ടമായത്. അഞ്ച് തലസ്ഥാന നഗരികള്‍ക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഭൂകമ്പത്തില്‍ 86 കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഏഴ് വിമാനത്താവളങ്ങളിലെ സര്‍വീസുകള്‍ റദ്ദാക്കി. 1577 താമസ കെട്ടിടങ്ങള്‍ തകര്‍ന്നതായി കൊളംബിയന്‍ പ്രസിഡന്റ് അബെലാര്‍ഡോ ഡി ലാ എസ്പ്രിയേല അറിയിച്ചു. 18 ഹെല്‍ത്ത് സെന്ററുകള്‍ക്കും 52 സ്കൂളുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായതായും പ്രസിഡന്റ് വ്യക്തമാക്കി. ഭൂകമ്പത്തെ ദേശീയ ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും അധികൃതര്‍ പറഞ്ഞു. 21-ാം നൂറ്റാണ്ടില്‍ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂകമ്പമാണിതെന്ന് കൊളംബിയയുടെ ജിയോളജിക്കല്‍ സര്‍വീസ് അറിയിച്ചു. പ്രാദേശിക സമയം, ഇന്നലെ രാവിലെ 7.34നാണ് (ഇന്ത്യന്‍ സമയം വൈകിട്ട് 6.04) റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രതയുള്ള ഭൂകമ്പമുണ്ടായത്. ചോക്കോ പ്രവിശ്യയിലെ സാന്‍ ഹോസെ ഡെല്‍ പാല്‍മറിന് കിഴക്ക് 5 കിലോമീറ്റര്‍ അകലെ 107 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ചലനം. തലസ്ഥാനമായ ബൊഗോട്ടയിലും അയല്‍ രാജ്യങ്ങളായ ഇക്വഡോറിലും വെനസ്വേലയിലും പനാമയിലും പ്രകമ്പനം അനുഭവപ്പെട്ടു. ബൊഗോട്ട, കാലി തുടങ്ങിയ നഗരങ്ങളില്‍ ജനങ്ങള്‍ പരിഭ്രാന്തരായി പുറത്തേക്കോടി. പ്രദേശത്ത് സുനാമി ഭീഷണിയില്ല.
കൊളംബിയയില്‍ ഭൂകമ്പം; മരണസംഖ്യ 132 ആയി, 570 പേര്‍ക്ക് പരിക്ക്