എന്‍. എ ഹാരിസ് എംഎല്‍എയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റ് റെയ്ഡ്

ബാംഗ്ലൂര്‍: തമിഴ്നാട്ടിലും കര്‍ണാടകയിലും കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ റെയ്ഡ്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എയും കാസര്‍കോട്ടുകാരനുമായ എന്‍എ ഹാരിസ് എംഎല്‍എയുടെ വീട്ടിലാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നത്. ബിറ്റ്കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന. സിആര്‍പിഎഫിന്‍റെ അകമ്പടിയോടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ എന്‍എ ഹാരിസിന്‍റെ ബാംഗ്ലൂരിലെ വീട്ടിലെത്തിയത്. രാവിലെ ആറുമണിയോടെ എന്‍എ ഹാരിസിന്‍റെ വീട്ടിലടക്കം 17 കേന്ദ്രങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. ആറു വര്‍ഷം മുമ്പ് നടന്ന നാലര കോടിയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന. എന്‍.എ.ഹാരിസിന്‍റെ മകന്‍റെയും വീടുകളില്‍ ഇഡി റെയ്ഡ് നടക്കുന്നുണ്ട്. അതേസമയം, തമിഴ്നാട് പിസിസി അധ്യക്ഷന്‍ കെ സെല്‍വപെരുന്തഗൈയുടെ വീട്ടില്‍ ആദായ നികുതി വകുപ്പും റെയ്ഡ് നടത്തുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണത്തിന്‍റെ അവസാനഘട്ടത്തില്‍ രാഹുല്‍ തമിഴ്നാട്ടില്‍ എത്തുന്ന ദിവസം റെയ്ഡ് ആസൂത്രിതമാണെന്ന് സെല്‍വപെരുന്തഗൈ ആരോപിച്ചു.