വീണ്ടും ഇരുട്ടടി; സബ്സിഡി സിലിണ്ടറുകളുടെ എണ്ണം നാലായി ചുരുക്കി കേന്ദ്രം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഉജ്ജ്വല യോജന പ്രകാരം ദരിദ്ര കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന സബ്സിഡി പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒമ്പതില്‍ നിന്ന് നാലായി കുറച്ച് കേന്ദ്ര സര്‍ക്കാര്‍. ഗാര്‍ഹിക പാചക വാതകത്തിന് 29 രൂപ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് സബ്സിഡി സിലണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുന്നത്. 2016ല്‍ ആരംഭിച്ച ഈ പദ്ധതി പ്രകാരം ആദ്യ ഘട്ടത്തില്‍ ഒരു വര്‍ഷം 12 സിലിണ്ടറുകള്‍ വിതരണം ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം അത് ഒമ്പതായി കുറയ്ക്കുകയും ഇപ്പോഴത് നാലായി കുറയ്ക്കുകയും ചെയ്തിരിക്കുകയാണ്. പദ്ധതി പ്രകാരം 300 രൂപയാണ് ഒരു സിലിണ്ടറിന് സര്‍ക്കാര്‍ സബ്സിഡി നല്‍കി വരുന്നത്. 10.5 കോടി ദരിദ്ര കുടുംബങ്ങള്‍ പദ്ധതിയുടെ ഭാഗമാണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഉജ്ജ്വല ഗുണഭോക്താക്കളുടെ ശരാശരി വാര്‍ഷിക ഉപഭോഗവുമായി സമന്വയിപ്പിച്ചാണ് പുതുക്കിയ ക്വാട്ട നിശ്ചയിച്ചിരിക്കുന്നതെന്നാണ് പെട്രോളിയം മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി പ്രവീണ്‍ എം ഖനൂജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരിക്കുന്നത്. അന്താരാഷ്ട്ര വിപണയിലെ നിരക്കനുസരിച്ച് 14.2 കിലോഗ്രാം എല്‍പിജി നല്‍കുമ്പോള്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് ഇപ്പോള്‍ 700 രൂപ നഷ്ടമാണെന്നാണ് പ്രവീണ്‍ എം ഖനൂജ പറയുന്നത്. പെട്രോളിന് ലിറ്ററിന് 6 രൂപയും, ഡീസലിന് 30 രൂപയും നഷ്ടം സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.