തെഹ്റാന്‍: ഇറാനില്‍ അഹ്വാസ് നഗരത്തിലെ ഷാഹിദ് ബഗേയി ആശുപത്രിക്കുനേരെ അമേരിക്കന്‍ സൈന്യം വ്യോമാക്രമണം നടത്തി. ആക്രമണത്തില്‍ കുട്ടികളുടെ കാന്‍സര്‍ ചികിത്സാ വിഭാഗം പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം തകര്‍ന്നു. ആക്രമണത്തെത്തുടര്‍ന്ന്, അസുഖബാധിതരായ കുട്ടികളെയും മറ്റുരോഗികളെയും അടിയന്തരമായി ഒഴിപ്പിച്ചു. ഒരാഴ്ചക്കിടെ രാജ്യത്തുടനീളം നടന്ന യുഎസ് ആക്രമണങ്ങളില്‍ ഇതുവരെ 35 പേര്‍ കൊല്ലപ്പെട്ടതായും മുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ അധികൃതര്‍ വ്യക്തമാക്കി. ഇന്നലെ സൈനിക ബാരക്കിനുനേരെ നടന്ന ബോംബാക്രമണത്തില്‍ ഏഴ് സൈനികര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അഹ്വാസിന് പുറമെ ഇറാനിലെ പ്രധാന നഗരങ്ങളായ ഖെഷ്ം ദ്വീപ്, ബന്ദര്‍ അബ്ബാസ്, സിറിക്, ചഹാബഹാര്‍, കൊനാരക്, റാസ്ക് സിറ്റി, ഖൊണ്ടാബ്, ഖൊറമാബാദ് എന്നിവിടങ്ങളിലും സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇറാന്‍റെ ഏക സിവിലിയന്‍ ആണവനിലയം സ്ഥിതി ചെയ്യുന്ന ബുഷെറിലും അമേരിക്ക ആക്രമണം നടത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയാണെന്ന് ഇറാന്‍ പ്രഖ്യാപിക്കുകയും ഒമാന്‍ കടലില്‍ വെച്ച് നിരവധി ഓയില്‍ ടാങ്കറുകള്‍ക്ക് നേരെ ആക്രമണം നടത്തുകയും ചെയ്തതിനെ തുടര്‍ന്നാണ് മേഖലയില്‍ സംഘര്‍ഷം കടുത്തത്. ഇതോടെ ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് യുഎസ് നാവിക ഉപരോധം ഏര്‍പ്പെടുത്തുകയും ഇറാന്‍റെ തീരദേശ പ്രതിരോധ സംവിധാനങ്ങള്‍, ക്രൂയിസ് മിസൈല്‍ സംഭരണശാലകള്‍, വിക്ഷേപണ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് നേരെ തിരിച്ചടിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും യുഎസ് ആക്രമണം ശക്തമാക്കിയിരിക്കുന്നത്. അതേസമയം ബഹ്റൈന്‍, കുവൈറ്റ്, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍റെ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സും ആക്രമണം തുടരുകയാണ്. ഇറാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് തയ്യാറാകാത്തപക്ഷം വരും ദിവസങ്ങളില്‍ ഇറാന്‍റെ ഊര്‍ജ നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇറാനില്‍ യുഎസ് വ്യോമാക്രമണം; കുട്ടികളുടെ കാന്‍സര്‍ ആശുപത്രി തകര്‍ത്തു