വെള്ളോറയില്‍ പുലിയിറങ്ങി; ജനങ്ങള്‍ ഭീതിയില്‍

മാതമംഗലം: വെള്ളോറയിലും പരിസരത്തും ജനങ്ങളുടെ ഉറക്കം നഷ്ടപെടുത്തിയ അജ്ഞാത ജീവി പുലിയെന്ന് തെളിഞ്ഞു. കോയിപ്ര - താളിച്ചാല്‍ റോഡില്‍ കാര്‍ യാത്രക്കാര്‍ പുലിയെ കണ്ടു. ഇന്നലെ രാത്രി 7.30ന് റോഡിന് കുറുകെ ഓടിമറയുന്നതാണ് കണ്ടത്. കാര്‍യാത്രക്കാര്‍ മൊബൈലില്‍ ദൃശ്യം പകര്‍ത്തി. സമീപത്തായി പുലിയുടെ വിസര്‍ജ്യവും വനംവകുപ്പ് അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 10 ദിവസമായി വെള്ളോറയിലും പരിസര പ്രദേശത്തും പുലിയെ കണ്ടതായുള്ള അഭ്യൂഹം പരക്കുമ്പോഴും പുലിയുടെ ദ്യശ്യം കണ്ടെത്തിയിരുന്നില്ല. വനം വകുപ്പ് ക്യാമറ സ്ഥാപിച്ചെങ്കിലും പുലിയുടെ ദ്യശ്യം ഇതുവരെയും പതിഞ്ഞിരുന്നില്ല. പുലിയെ പിടികൂടാനുള്ള കൂട് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇതുവരെ സ്ഥാപിച്ചില്ല. കടവനാട്ടും വെള്ളോറയിലും പുലി യുടെ സാന്നിധ്യം സ്ഥിരീകരിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും കൂട് സ്ഥാപിച്ചിട്ടില്ല. കൂട് സ്ഥാപിക്കുന്നതില്‍ വകുപ്പ് തലത്തിലുള്ള ഉത്തരവ് ലഭിക്കാന്‍ കാലതാമസമെടുക്കുന്നതാണ് കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. പുലിയെ പിടികൂടി ആശങ്ക അകറ്റണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത.്