നീലേശ്വരം : രാജാസ് ഹയര്‍സെക്കന്‍ററി സ്കൂളില്‍ കവര്‍ച്ച. ഹെഡ്മിസ്ട്രസിന്‍റെ ഓഫീസിന്‍റെ പൂട്ടു പൊളിച്ചാണ് കള്ളന്‍ അകത്തു കടന്നത്. ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്ന 14,000 രൂപയും ഒരു ക്യാമറയും നഷ്ടപ്പെട്ടു. കുട്ടികളില്‍ നിന്ന് ശേഖരിച്ച ബാഡ്ജിന്‍റെ പണമാണ് നഷ്ട്പ്പെട്ടത്. കള്ളന്‍റെ ദൃശ്യം പതിയാതിരിക്കാന്‍ ഇവിടെയുള്ള നിരീക്ഷണ ക്യാമറകള്‍ തിരിച്ചുവെച്ച ശേഷമാണ് കവര്‍ച്ച നടത്തിയത്. നിരീക്ഷണ യൂണിറ്റ് ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ഇളക്കിയെടുത്ത് കൊണ്ടുപോയി. ഇതേ മുറിയില്‍ കമ്പ്യൂട്ടര്‍ ലാബിന്‍റെ മുപ്പത്തിയഞ്ചോളം ലാപ്ടോപ്പുകളും സൂക്ഷിച്ചിരുന്നു. എന്നാല്‍ ലാപ്ടോപ്പുകള്‍ നഷ്ടപ്പെട്ടിട്ടില്ല. തൊട്ടടുത്ത മുറിയില്‍ തന്നെ സെക്യൂരിറ്റി ജീവനക്കാരന്‍ ഉണ്ടായിരുന്നു. ഇദ്ദേഹം പുലര്‍ച്ചെ ഒരു മണിക്ക് വിശ്രമിക്കാന്‍ പോയി യെന്നാണ് പറയുന്നത്. സാധാരണ കവര്‍ച്ച നടക്കാറുള്ളത് രാത്രി 1 മണിക്കും 4 മണിക്കും ഇടയിലാണ്. ഈ സമയത്തെ സെക്യൂരിറ്റിയുടെ വിശ്രമം കൗതുകമായി. കവര്‍ച്ച നടന്ന സമയത്ത് കനത്ത മഴയുണ്ടായിരുന്നതിനാല്‍ ശബ്ദം പുറത്തേക്ക് കേള്‍ക്കാനും കഴിഞ്ഞില്ല. പുലര്‍ച്ചെ സംഭവം ശ്രദ്ധയില്‍ പെട്ട ഉടന്‍ ഇദ്ദേഹം സ്കൂള്‍ അധികൃതരെ വിവരമറിയിച്ചു. പിടിഎ പ്രസിഡന്‍റ് വിനോദ് അരമന, വൈസ് പ്രസിഡന്‍റ് കെ.രഘു, സ്കൂള്‍ ഹെഡ്മിസ്ട്രസ് കല ശ്രീധര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. നീലേശ്വരം പോലീസും സ്കൂളിലെത്തി പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു. നീലേശ്വരം എസ് ഐ മാരായ ടി.വിശാഖ്, കെ.വി രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷിക്കുന്നത്.