ദേശീയപാത നിര്‍മ്മാണം : കുന്നിടിഞ്ഞ് ഒരാള്‍ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്ക്

ചെറുവത്തൂര്‍ : ദേശീയപാത നിര്‍മ്മാണത്തിനിടെ ചെറുവത്തൂര്‍ മട്ടലായിയില്‍ കുന്നിന്‍റെ പാര്‍ശ്വഭിത്തിയും മണ്ണും ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. കൊല്‍ക്കത്ത സ്വദേശി മുംതാജ്മീറാണ് (18) മരണപ്പെട്ടത്. കൊല്‍ക്കത്ത സ്വദേശികളായ മുന്നാല്‍ ലാസ്കര്‍ (55), മോഹന്‍തേജര്‍ (18)എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പത്തരമണിയോടെ യാണ് അപകടം. കുന്ന് പെട്ടന്നു ഇടിഞ്ഞു താഴുകയായിരുന്നു. മണ്ണിടിഞ്ഞ് വീഴുന്നത് ഒഴിവാക്കാന്‍ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചന്തേര പോലീസ്, തൃക്കരിപ്പൂര്‍ ഫയര്‍ഫോഴ്സ്, നാട്ടുകാര്‍ എന്നിവര്‍ രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കി. അപകടവിവരം അറിഞ്ഞ് കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍മണിയറ, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രമീള, പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് പി.പി.പ്രസന്നകുമാരി തുടങ്ങിയവര്‍ സംഭവ സ്ഥലത്തെത്തി. പരിക്കേറ്റവരെ ചെറുവത്തൂര്‍ കെ.എച്ച് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അശാസ്ത്രീയമായ മണ്ണെടുക്കലാണ് അപകടത്തിനിടയാക്കിയതെന്നാണ് നാട്ടുകാര്‍ ആരോപിച്ചു. ഇന്നലെ രാത്രി പെയ്ത നേരിയ മഴ അപകടത്തിന് ആക്കം കൂട്ടി. നേരത്തെ വീരര്‍കുന്ന് ഭാഗത്തും മണ്ണിടിച്ചല്‍ ഉണ്ടായിരുന്നു. കാലവര്‍ഷമാരംഭത്തോടെ കൂടുതല്‍ പ്രദേശങ്ങളില്‍ മണ്ണിടിയാന്‍ സാധ്യതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നു.ചെര്‍ക്കള-ചട്ടഞ്ചാല്‍ ദേശീയ പാതയിലും സമാനമായ ഭീഷണി നിലനില്‍ക്കുന്നുണ്ട്. ചെര്‍ക്കള മുതലുള്ള ഭാഗത്ത് കുത്തനെ മണ്ണിടിച്ചതാണ് അപകടഭീഷണിക്ക് ഇടയാക്കുന്നത്. സ്റ്റാര്‍നഗറിനു സമീപത്താണ് ഏറ്റവും കൂടുതല്‍ അപകട ഭീഷണി നിലനില്‍ക്കുന്നത്.